2019 ലെ പ്രളയം:ഒരു രൂപപോലും കൊടുക്കാതെ കേരളത്തെ തഴഞ്ഞ് കേന്ദ്രം; ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908.56 കോടി

0

ന്യൂ ഡൽഹി: 019 ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് ധനസഹായം നൽകി. ഏഴ്‌ സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേന്ദ്രം അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സഹായം അനുവദിച്ചത്. പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം എന്നിവമൂലം ഉണ്ടായ ദുരിതങ്ങള്‍ നേരിടാനാണ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം.

2019 ലെ പ്രളയത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 2101 കോടി ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കത്ത് കണക്കിലെടുത്തിട്ട് പോലുമില്ലെന്നാണ് മറ്റുസംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിച്ച നടപടിയില്‍നിന്ന് വ്യക്തമാകുന്നത്. കേരളത്തിന് സഹായം അനുവദിക്കാത്തതിന്റെ കാരണം വ്യക്തമല്ല.

നേരത്തേ, പ്രളയ ദുരിതം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും കേരളത്തെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇത് കൂടാതെ മൊത്തം 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തില്‍ കേന്ദ്രസമിതി സന്ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കര്‍ണാടകത്തില്‍ അമിത് ഷാ ഹെലികോപ്റ്ററിലൂടെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അമിത് ഷാ സന്ദര്‍ശനം നടത്തിയത്. ഇത് ചൂണ്ടിക്കാണിച്ച് കേരളത്തില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വീണ്ടും കേന്ദ്ര അവഗണന.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.