3,000 രൂപക്ക് മുകളിലുള്ള യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങി കേന്ദ്രം

0

ന്യൂഡല്‍ഹി: യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രമൊരുങ്ങുന്നു. ആദ്യഘട്ടം 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ചാര്‍ജ് ഈടാക്കുക. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നിരക്ക് നടപ്പാക്കിയേക്കും. ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിച്ചതിന് പിന്നാലെ ബേങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് എം ഡി ആര്‍ റേറ്റ് എന്ന പേരില്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്.

നാഷണല്‍ പേമെന്റ് കോര്‍പറേഷന്റെ റിപോര്‍ട്ട് പ്രകാരം 2025 മേയില്‍ യു പി ഐ ഇടപാടുകളുടെ എണ്ണം 25.24 ലക്ഷം കോടിയിലെത്തിയിരുന്നു. ഇത് ബേങ്കുകള്‍ക്ക് സാമ്പത്തിക സമ്മര്‍ദം ഉണ്ടാക്കി. 2020ലെ സീറോ എം ഡി ആര്‍ നയത്തിന് പകരമാണ് പുതിയ നയം. ഇതിലൂടെ 3000ന് താഴെയുള്ള പേമെന്റുകള്‍ക്ക് ചാര്‍ജ് നല്‍കേണ്ടതില്ല. ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനവും യു പി ഐ വഴിയാണ് നടക്കുന്നത്. ഇവയില്‍ 90 ശതമാനവും പ്രതിവര്‍ഷം 20 ലക്ഷത്തില്‍ താഴെ വരുമാനമുള്ള ചെറുകിട വ്യാപാരികളാണ്. ഇവര്‍ക്ക് പുതിയ തീരുമാനം സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.