ചരിത്രനിമിഷത്തെ വരവേൽക്കാനൊരുങ്ങി ഇന്ത്യ; ചാന്ദ്ര ദൗത്യത്തിന് സാക്ഷിയാവാൻ പ്രധാന മന്ത്രി ബെംഗളൂരുവിൽ

0

ന്യൂഡല്‍ഹി: ചരിത്രനിമിഷത്തെ അഭിമാനത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇന്ത്യ. ശനിയാഴ്ച പുലർച്ചെയാണ ശുഭ മുഹൂർത്തം. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാകും വിക്രം ലാൻഡറിന്റെ സോഫ്ട് ലാൻഡിംഗ് നടക്കുക. ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ കോംപ്ലക്സ് ചരിത്രദൗത്യത്തിനുള്ള അവസാനതയാറെടുപ്പുകളിലാണ്. നൂറിലേറെ രാജ്യങ്ങളിൽ നിരവധി ടിവി ചാനലുകളിൽ ചന്ദ്രയാൻ 2 ലെ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് തൽസമയം സംപ്രേഷണം ചെയ്യും.

ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് ‘ബാഹുബലി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായിഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്.സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെട്ട് യാത്ര തുടങ്ങി.

ചന്ദ്രയാൻ 2വിന്റെ സോഫ്ട് ലാൻഡിംഗിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളുരുവിലെത്തി. പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാർഥികളും വീക്ഷിക്കും.ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. സോഫ്ട് ലാൻഡിംഗ് വിജയമാകുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറാനാണ് ഇന്ത്യ ഒരുങ്ങുന്നത്.