മനുഷ്യൻ ഇന്നേവരെയെത്താത്ത ചന്ദ്രന്‍റെ ‘ഇരുണ്ട’ മേഖലയിൽ ചൈനയുടെ ‘ചാങ് ഇ–4’ ചരിത്രം തീർത്തു

0

ചൈനയുടെ ബഹിരാകാശ പദ്ധതിയിൽ നാഴികക്കല്ലായി മനുഷ്യനിർമിതമായ യാതൊന്നും ഇന്നേവരെ കടന്നുചെല്ലാത്ത ചന്ദ്രന്‍റെ ‘ഇരുണ്ട ഭാഗത്ത്’ ആദ്യമായി ഒരു പേടകംവന്നിറങ്ങി ചാങ് ഇ–4. ഇതുവരെ അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയും ചന്ദ്രന്‍റെ ഭൂമിയോട് അഭിമുഖമായി നിൽക്കുന്ന ഭാഗങ്ങളിലാണ് ബഹിരാകാശ വാഹനം ഇറക്കിയിരുന്നത്. എന്നാൽ ഇത്തവണ ഡാർക്ക് സൈഡിലാണ് വാഹനം പറന്നിറങ്ങിയിരിക്കുന്നത്. ഇരുട്ടു ബാധിച്ച ഭാഗം എന്ന അർത്ഥത്തിലല്ല ഈ ഭാഗത്തെ ഡാർക്ക് സൈഡെന്നു വിളിക്കുന്നത്. ഈ ഭാഗത്തെ വിവരങ്ങൾ ഇതുവരെ അറിയാത്തതിലാണ് ഈ വിളിപ്പേര്.


ചൈനീസ് ഐതിഹ്യങ്ങളിലെ ചന്ദ്രദേവതയുടെ പേരാണ് (Chang’e-4) ഈ ദൗത്യത്തിന് ഇട്ടിരിക്കുന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമായിരുന്നു ചന്ദ്രനിൽ വാഹനമിറക്കിയ രാജ്യങ്ങൾ. ഈ നിരയിലേക്ക് തങ്ങളുടെ ബഹിരാകാശ വാഹനവുമായി ചൈന 2013ൽ തന്നെ ഇടംപിടിച്ചു. 2018 ഡിസംബർ 8നാണു ലാൻഡറും റോവറും അടങ്ങിയ പേടകം വിക്ഷേപിച്ചത്.2019 ജനുവരി 3 ന് ചൈനീസ് പ്രാദേശിക സമയം 10 .26നാണ് ചന്ദ്രദേവത ഇരുളാഴങ്ങളിലേക്ക് പറന്നിറങ്ങിയത്. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനൊപ്പം ‘ചാങ് ഇ–4’ ന്‍റെ നിർമ്മാണത്തിൽ ഡച്ച്, സ്വീഡിഷ്, ജർമ്മൻ സഹകരണവുമുണ്ടായിരുന്നു.

മനുഷ്യന്‍റെ ചാന്ദ്രദൗത്യങ്ങളിൽ ഒരു പുതിയ അധ്യായം തുറന്നതായി ചൈനയുടെ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ചന്ദ്രനിലേക്കു മനുഷ്യരെ അയയ്ക്കാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണങ്ങളും ചാങ് ഇ–4 നടത്തും. ചൈനയുടെ ബഹിരാകാശ താൽപര്യങ്ങളിൽ വലിയ മുന്നേറ്റമായാണ് ഈ ദൗത്യത്തിന്റെ വിജയത്തെ ലോകം നോക്കിക്കാണുന്നത്. ലോക ബഹിരാകാശ നീക്കങ്ങളുടെ മുന്‍നിരയിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.