ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ചു; യാത്രക്കാരൻ മരിച്ചു, ചാടി രക്ഷപ്പെട്ട് ഡ്രൈവർ

0

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ തിങ്കളാഴ്ച രാവിലെയാണു ജനത്തെ പരിഭ്രാന്തരാക്കിയ സംഭവം. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഹണ്‍ട്രഡ് ഫീറ്റ് റോഡിലേക്കുള്ള യാത്രക്കിടെ ഫ്ലൈ ഓവറിലെത്തിയപ്പോള്‍ യാത്രക്കാരന്‍ പിന്‍ ഡോറുകള്‍ ലോക്ക് ചെയ്തതിനു ശേഷം സ്വയം തീകൊളുത്തിയതാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

യാത്രക്കാരന്റെ കൈവശം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു. ഡ്രൈവറുടെ പുറത്തും കൈയ്ക്കും പൊള്ളലേറ്റു. കാറിന് തീപിടിച്ചതോടെ ഫ്ലൈ ഓവറില്‍ അരമണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപെട്ടു.