തോര്‍ത്തുടുത്ത് ഓണ്‍ലൈന്‍ ക്ലാസ്; ലൈംഗികചുവയുള്ള സംസാരം: അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

0

ചെന്നൈ: പ്രമുഖ സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രമുടുത്തു ക്ലാസെടുത്തതായി പരാതി. ചെന്നൈ നഗരത്തിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന സ്കൂളാണിത്. പൂര്‍വവിദ്യാര്‍ഥിയായ ഒരു മോഡല്‍ പന്ത്രണ്ടാം ക്ലാസുകാരിയായ മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതി ഞായറാഴ്ച രാത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.

അധ്യാപകൻ ഇത്തരത്തിൽ മോശമായി പെരുമാറുന്നതിനുള്ള തെളിവിനായി തോര്‍ത്ത് മാത്രമണിഞ്ഞ് ക്ലാസെടുക്കുന്ന അധ്യാപകന്റെ ചിത്രവും പുറത്തുവിട്ടുണ്ട്. വാർത്തയും ചിത്രവും പുറത്തുവന്നതോടെ അധ്യാപകന്‍ ലൈംഗിക ചുവയോടെ പെരുമാറുന്നതായി പരാതിയുന്നയിച്ച് നിരവധി വിദ്യാർഥിനികളാണ് രംഗത്തുവന്നത്.

ചിലരോട് ശരീരവര്‍ണന നടത്തിയതിന്റെയും ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രയ്ക്കു ക്ഷണിച്ചതിന്റെയും സ്ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതെന്നും വിദ്യാർഥിനികള്‍ തുറന്നുപറഞ്ഞു.

പെണ്‍കുട്ടികളോടു ലൈംഗിക ചുവയോടെ സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുന്നതായും പരാതിയുയര്‍ന്നതോടെ വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. സംഭവം വന്‍വിവാദമായതോടെ അധ്യാപകനെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കെ.കെ.നഗറിലെ സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാല്‍ തോര്‍ത്തുമുണ്ട് മാത്രമണിഞ്ഞാണ് ഓണ്‍ലൈന്‍ ക്ലാസിനെത്തുന്നതെന്നായിരുന്നു പരാതി.

പ്രമുഖരടക്കമുള്ള പൂര്‍വവിദ്യാര്‍ഥികളും സമാന അനുഭവമുണ്ടായത് വെളിപെടുത്തി. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ എംപിമാരായ കനിമൊഴിയും ജ്യോതിമണിയും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. പൊലീസ് സ്കൂളിലെത്തി രേഖകള്‍ പിടിച്ചെടുത്തു. ആരോപണവിധേയനായ രാജഗോപാലിനെ ചോദ്യം ചെയ്തു.