സര്‍ക്കാറിന്‍റെ പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഭാഗമായി എസ്ബിഐ യില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും. എസ്ബിഐ യുടെ ഐഎഫ്എസ്‌സി കോഡുകള്‍ രേഖപ്പെടുത്തിയ പുതുക്കിയ ചെക്കുബുക്കുകള്‍ ഇതിനു പകരമായി ഉപഭോക്താകള്‍ക്ക് ലഭിക്കുന്നതായിരിക്കും..

സെപ്റ്റംബര്‍ 30 വരെയായിരുന്നു, നേരത്തെ പഴയ ചെക്കുബുക്കുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് അത് ഡിസംബര്‍ അവസാനം വരെ നീട്ടുകയായിരുന്നു. അനുബന്ധബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ പല സ്ഥലങ്ങളിലായി നിരവധി ശാഖകള്‍ പൂട്ടുകയും ചില ശാഖകള്‍ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. ഇത് കാരണമാണ് ശാഖകളുടെ പേരുകളും ഐഎഫ്എസ്‌സി കോഡുകളും മാറിയത്. മുംബൈ, ഡല്‍ഹി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പട്‌ന, അഹമ്മദാബാദ്, ഭോപ്പാല്‍, അമരാവതി, ചണ്ഡിഗഡ്, ജെയ്പുര്‍, തിരുവനന്തപുരം, ലക്‌നൗ എന്നീ പ്രധാന നഗരങ്ങളിലുള്ള എസ്ബിഐ ശാഖകളുടെ പേരും ഐഎഫ്എസ് സി കോഡും മാറിയിട്ടുണ്ട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല- ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, ഭാരതീയ മഹിളാബാങ്ക്,, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റി നല്‍കുന്നത്. ബാങ്കുകള്‍ നേരത്തെതന്നെ അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്കുബുക്കുകള്‍  അയച്ചിട്ടുണ്ട്. എങ്കിലും അത്  ലഭിക്കാത്തവര്‍ ബാങ്ക് ശാഖയുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണ്.  എസ്ബിഐയുടെ മൊബൈല്‍ ആപ്,  നെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയവ വഴിയും പുതിയ ചെക്ക്ബുക്കിന് അപേക്ഷിക്കാനാകും.