ചെറിയാൻ ഫിലിപ്പിൻ്റെ മടക്കയാത്ര

0

ഇരുപത് വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ്സിൽ നിന്ന് വഴി പിരിഞ്ഞ് സഹയാത്രികനായി ഇടത് പക്ഷത്തെത്തിയ ചരിത്രകാരനും എഴുത്തുകാരനുമായ ശ്രീ ചെറിയാൻ ഫിലിപ്പ് മാതൃ രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോകുകയാണ്. കേരള രാഷ്ട്രീയത്തിൽ കേരള വിദ്യാർത്ഥി യൂനിയൻ്റെ പ്രവർത്തകനും നേതാവുമായിരുന്ന കാലം മുതൽക്ക് തന്നെ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് രാഷ്ടീയത്തിലെ വ്യത്യസ്ത ശബ്ദത്തിൻ്റെ ഉടമയായിരുന്നു. ചെറിയാൻ ഫിലിപ്പിൻ്റെ രാഷ്ടീയത്തെ കേരളം ഏറെ പ്രതീക്ഷത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്.

എന്നാൽ സ്തുതി പാഠകന്മാർക്കും ഗ്രൂപ്പ് വക്താക്കൾക്കും മാത്രം ഇടം നല്കിയിരുന്ന കോൺഗ്രസ്സിന് ഗ്രൂപ്പ് കാരനായിട്ടും ഉന്നത നേതാക്കളുടെ വിശ്വസ്തനായിട്ടും മാന്യമായ ഒരിടം കിട്ടിയില്ല എന്നത് കൊണ്ടാണ് ഇറങ്ങിപ്പുറപ്പെടേണ്ടി വന്നത്. ചെറിയാൻ ഫിലിപ്പ് എന്ന വിവേകശാലിയുടെ രാഷ്ട്രീയ അന്ത്യമായിരുന്നു എന്ന് തന്നെയാണ് കേരളം തിരിച്ചറിഞ്ഞിരുന്നത്. രാഷ്ടീയ വീക്ഷണത്തേക്കാൾ വ്യക്തി വിദ്വേഷത്തിൻ്റെ ഭാഷയായിരുന്നു പിന്നീട് ചെറിയാൻ ഫിലിപ്പിൽ നിന്നും കേരളം ശ്രവിച്ചിരുന്നത്.

ഇടത് പക്ഷത്തിനാകട്ടെ അദ്ദേഹത്തിന് അർഹമായ അംഗീകാരം നല്കാൻ കഴിഞ്ഞതുമില്ല. ചെറിയാൻ ഫിലിപ്പ് ചിലതെല്ലാം പ്രതീക്ഷിച്ചിരുന്നു. ചില വാഗ്ദാനങ്ങൾ ഇടത് പക്ഷം നൽകിയെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല. സഹയാത്രിക പദവി എന്ന അലങ്കാരത്തിൽ മാത്രം ഒതുങ്ങാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇതിലും ഭേദം കോൺഗ്രസ്റ്റ് തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇത് തന്നെയാണ് അദ്ദേഹത്തിൻ്റെ ഘർ വാപസിക്കുള്ള ഹേതുവായി തീർന്നത്. ഇതിൻ്റെ പരിണതിയും എന്തായിരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.

ഒരു അഭയ കേന്ദ്രത്തിലിരുന്നു മരിക്കുന്നതിനേക്കാൾ സ്വന്തം മണ്ണിൽ മരിക്കുന്നതാണ് നല്ലതെന്ന പ്രഖ്യാപനവുമായാണ് ചെറിയാൻ ഫിലിപ്പിൻ്റെ മടക്കം. എവിടെയായാലും ചെറിയാൻ ഫിലിപ്പിൻ്റെ രണ്ടാം രാഷ്ടീയ മരണമായി ഇത് മാറിത്തീരരുത് എന്നത് തന്നെയാണ് കേരള രാഷ്ട്രീയം ആഗ്രഹിക്കുന്നത്. തീർച്ചയായും ചെറിയാൻ ഫിലിപ്പിൻ്റെ രാഷ്ടീയ പ്രവർത്തനത്തിനുള്ള ഇടം കൂടി കേരളത്തിലെ കോൺഗ്രസ്സ് രാഷ്ടീയത്തിൽ അവശേഷിക്കുന്നുണ്ട്.