ആസിഡ് ആക്രമണങ്ങളിൽ ഒരു പെണ്ണിന് നഷ്ടപ്പെടുന്നത് വെറും മുഖം മാത്രമല്ല മുന്നോട്ടുള്ള ജീവിതം കൂടിയാണ്. 🙁

പ്രണയം നിരസിക്കുന്നതിന്റെ പേരിലും, നിലപാട് തുറന്നു പറയുന്നതിന്റെ പേരിലുമൊക്കെ ആസിഡ് ആക്രമണങ്ങൾക്കിരയാക്കപ്പെട്ട പെൺജീവിതങ്ങൾ പത്രങ്ങളിലെ രണ്ടു കോളം വാർത്തകളിൽ ഒതുങ്ങേണ്ടതല്ല.

അവരെ കുറിച്ച് ലോകം അറിയേണ്ടതുണ്ട്. അവർക്ക് വേണ്ടി കൂടുതൽ പേരുടെ ശബ്ദം ഉയരേണ്ടതുണ്ട്. അവരുടെ ജീവിതവും പോരാട്ടവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മേഘ്ന ഗുൽസാറിന്റെ ‘ഛപാക്’ ഒരു സിനിമക്കുമപ്പുറം ശ്രദ്ധേയകമാകുന്നത് അങ്ങനെയൊക്കെയാണ്. ☘

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുപ്പത്തി രണ്ടുകാരൻ നദീം ഖാന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ലക്ഷ്മി അഗർവാളിൻറെ ജീവിതത്തെ ഏറെക്കുറെ അതേ പടി സിനിമയിലേക്ക് പകർത്തിയെടുക്കുമ്പോഴും ദീപികയുടെ മാലതി എന്ന കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച ഒരു ദാരുണ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരം മാത്രമായി ഒതുക്കാതെ ആസിഡ് ആക്രമണം എന്ന സാമൂഹിക വിപത്തിനെയും അത് സൃഷ്ടിക്കുന്ന ഭീകരതയേയും പൊള്ളുന്ന അനുഭവപ്പെടുത്തലുകളാക്കി മാറ്റുന്നിടത്താണ് സംവിധായിക വിജയിക്കുന്നത്.

‘ഉയരെ’ സിനിമയിൽ നമ്മൾ കണ്ടത് പല്ലവിയിൽ മാത്രം ഒതുങ്ങി നിന്ന ആസിഡ് ആക്രമണത്തിന്റെ കഥയാണെങ്കിൽ ‘ഛപാകി’ൽ മാലതിയുടെ മാത്രം കഥയെന്നോണം ഒന്നും പറഞ്ഞു വെക്കുന്നില്ല. പകരം മാലതിയെ പോലുള്ള യഥാർത്ഥ ജീവിതങ്ങളെ തൊട്ടു കൊണ്ടുള്ള വസ്തുതാപരമായ അവതരണത്തിലൂടെ ഭീകരമായ സാമൂഹിക യാഥാർഥ്യങ്ങളെ തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. ‘ഉയരെ’ യും ‘ഛപാകും’ രണ്ടായി മാറുന്നത് അങ്ങിനെയാണ്.

‘ഉയരെ’യിൽ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ അതിജീവനവും സ്വപ്നങ്ങളും നിലപാടുകളുമാണ് ഫോക്കസ് ചെയ്യുന്നതെങ്കിൽ ‘ഛപാകി’ൽ മാലതിയുടെ അതിജീവനവും ആസിഡ് ആക്രമണത്തിനെതിരെയുള്ള നിയമ പോരാട്ടവുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്.

ഗൗരവമേറിയ ഒരു വിഷയത്തിൽ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ ‘ഉയരെ’ സിനിമയെക്കാളും എത്രയോ ഉയരെയാണ് ‘ഛപാകി’ന്റെ സ്ഥാനം എന്ന് തന്നെ പറയാം. 👌👌

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർ അനുഭവിക്കുന്ന വേദനകളും സഹനങ്ങളും അതി തീവ്രമായി തന്നെ അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സിനിമയിൽ. ആസിഡ് മുഖത്തേക്ക് വീണ ശേഷമുള്ള മാലതിയുടെ നിലവിളിയും പിടച്ചിലുകളും തൊട്ട് ആശുപത്രിയിലെ അവളുടെ കിടപ്പും, വികൃതമായ മുഖം കണ്ണാടിയിൽ കാണുമ്പോഴുള്ള അവളുടെ അലമുറയിട്ട കരച്ചിലുമൊക്കെ പ്രേക്ഷകരുടെ മനസ്സ് പൊള്ളിക്കുന്ന കാഴ്ചകളായി മാറുന്നു. 😢

ജാതിയിൽ താണവർ ഉപരി പഠനങ്ങൾക്ക് പോകുന്നത് തടയാൻ വേണ്ടി ആസിഡ് ആക്രമണം നടത്തിയ ഒരു കേസ് സിനിമയിൽ പറയുന്നുണ്ട്. താണ ജാതിയായി പോയി എന്ന അതേ കാരണം കൊണ്ട് തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്ന് പൊള്ളി വികൃതമായ മുഖം കൊണ്ട് അക്രമത്തിനിരയായ പെൺകുട്ടി പറയുമ്പോൾ ആസിഡിന്റെ നീറ്റലിനേക്കാൾ അവൾ അനുഭവിച്ചത് ജാതീയമായ അവഗണനയും അവഹേളനവുമാണ് എന്ന് തോന്നിപ്പോയി. 😞

ഒരേ സമയം ആസിഡ് ആക്രമണത്തിന്റെയും ജാതീയതയുടെയും ഇരയാകേണ്ടി വന്നവരുടെ ഒരു പ്രതിനിധി മാത്രമാണ് അവൾ. അങ്ങിനെ എത്രയെത്ര പേരുണ്ടാകാം ? 😑

2012 ലെ നിർഭയ കേസിന്റെ പശ്ചാത്തലത്തിലുള്ള സിനിമയുടെ തുടക്കം പ്രസക്തമാണ്. അന്ന് നിർഭയക്ക് നീതി കിട്ടാൻ വേണ്ടി ഡൽഹിയിൽ ശബ്ദം ഉയർത്തിയവരിൽ ഇന്ത്യൻ യുവതയുടെ പങ്ക് വലുതായിരുന്നു. ആസിഡ് ആക്രമണ കേസുകളിലെ ഇരകൾക്ക് വേണ്ടിയും ഇന്ത്യൻ യുവതയുടെ അത്തരം ഇടപെടലുകൾ അനിവാര്യമാണ് എന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയുണ്ടായിരുന്നു ആ രംഗങ്ങൾക്ക് പിന്നിൽ.

ആസിഡ് ആക്രമണത്തിനെതിരെ ദീർഘ കാല നിയമ പോരാട്ടം നടത്തുകയും ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ദീപികയുടെ മാലതി പറയുന്ന ഒരു ഡയലോഗ് ഉണ്ട് – ‘ഉൻഹോനെ മേരീ സൂറത് ബദ് ലീ ഹേ..മേരാ മൻ നഹീ”. എന്ന്. 💚✌

മാലതി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വവും നിലപാടും ധൈര്യവും സൗന്ദര്യവുമൊക്കെ അത്ര മേൽ ഗംഭീരമായി അവതരിപ്പിച്ച ദീപികയെ അഭിനന്ദിക്കാൻ വാക്കുകളില്ല. 😘😘 🤝🤝

ജനാധിപത്യവും ഭരണഘടനയും മതേതരത്വമൊക്കെ കശാപ്പ് ചെയ്യപ്പെടുന്ന സമകാലീന ഇന്ത്യയിൽ പ്രതിഷേധ ശബ്ദം ഉയർത്തിയ യുവതയെ അംഗീകരിക്കാനും അവരെ പോയി കാണാനും ദീപികാ പദുക്കോണിനെ പോലൊരു നടി തയ്യാറാവാതെ പോയിരുന്നെങ്കിൽ ദീപികയുടെ അഭിനയ ജീവിതത്തിലെ വെറും ഒരു കഥാപാത്ര തിരഞ്ഞെടുപ്പ് മാത്രമായി മാറുമായിരുന്നു മാലതി.

Hats off you Meghna Gulzar and Deepika Padukone..മനസ്സ് പൊള്ളിക്കുന്ന ഇങ്ങിനെയൊരു സിനിമ തന്നതിന്. ☘

Note : ആസിഡിനെക്കാൾ വീര്യമുള്ള വിദ്വേഷത്തിന്റെ വിഷം തലയിൽ പേറുന്നവർക്ക് മാത്രമേ ഈ സിനിമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യാൻ സാധിക്കൂ. 😕

©️bhadran praveen sekhar