അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനത്തിനിരയായ ഏഴുവയസ്സുക്കാരൻ ഇനി കണ്ണീരോർമ്മ…

0

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനത്തിനിരയായ ഏഴുവയസ്സുക്കാരൻ മരണത്തിനു കീഴടങ്ങി. രാവിലെ മുതൽ കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറഞ്ഞു. 11.35നാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് ആ കുരുന്ന് ജീവൻ നമ്മോട് വിടപറഞ്ഞത്. വെന്റിലേറ്ററിൽ തുടരുമ്പോഴായിരുന്നു മരണമെന്നും ഡോക്ടർമാർ പറഞ്ഞു.

കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു വരികയായിരുന്നു. കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിക്കാന്‍ കുട്ടിക്കായില്ല. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജയും ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാരാണ് വഹിച്ചത്.

അമ്മയുടെ സുഹൃത്തായ യുവാവിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ട് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മരണത്തോടെ കേസിലെ പ്രതിയായ അമ്മയുടെ സുഹൃത്തിന് നേരെ ഇനി കൊലക്കുറ്റവും ചുമത്തും. പത്ത് മാസം മുന്‍പാണ് കുട്ടിയുടെ പിതാവ് വാഹനാപകടത്തില്‍ മരിക്കുന്നത്. പിതാവിന്‍റെ ബന്ധുവായ യുവാവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയ അമ്മ ഒപ്പം മക്കളേയും കൂട്ടിക്കൊണ്ടു വരികയായിരുന്നു.