ഇത് നിഷ്കളങ്കതയുടെ കരുതൽ: സംഗീത ദിനത്തില്‍ വാക്സിനേഷന്‍ പ്രചാരണ ഗാനവുമായി കുരുന്നുകള്‍

0

തിരുവനന്തപുരം: സംഗീതത്തിന്‍റെ പാലാഴി തീര്‍ക്കുന്നവരെ ലോകം ആദരിക്കുന്ന ഈ ദിനത്തിൽ കൊവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിനേഷന്‍ സ്വീകരിക്കണമെന്ന പ്രചാരണ ഗാനവുമായി കുരുന്നുകള്‍. വാക്സിനേഷനിലൂടെ സ്വയം സുരക്ഷിതരാകാനും, സമൂഹത്തെ സുരക്ഷിതമാക്കാനും സാധിക്കുമെന്ന സന്ദേശമാണ് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ ലോക സംഗീത ദിനത്തില്‍ പകര്‍ന്നു നല്‍കുന്നത്.

മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ചിട്ടപ്പെടുത്തിയ ഗാനം പ്രമുഖ യുട്യൂബ് ചാനലായ എലഫെന്‍റയിലൂടെയാണ് ജനങ്ങളിലേക്ക് എത്തുക. കൊവിഡ് വാക്സിനേഷന്‍ ഊര്‍ജിതപ്പെടുത്തി, നിലവിലെ ദുസ്ഥിതിയില്‍ നിന്ന് രാജ്യവും ലോകവും എത്രയും വേഗം മോചനം നേടട്ടെയെന്ന പ്രത്യാശയാണ് കുട്ടികള്‍‌ മുന്നോട്ട് വെക്കുന്നത്.

കൊവിഡ് മാറിയാല്‍ സ്കൂളിലെത്താമെന്ന പ്രതീക്ഷയാണ് കുട്ടികളെ വാക്സിനേഷന്‍ ഡ്രൈവിന്‍റെ പ്രചാരണത്തിന് മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഓണ്‍ലൈന്‍ ക്ലാസില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആശയത്തെ തുടര്‍ന്നാണ് വാക്സിനേഷന്‍റെ പ്രാധാന്യം പാ‍ട്ടിലൂടെ അവതരിപ്പിക്കാമെന്ന ആലോചനയുണ്ടായത്. അധ്യാപകരും സ്കൂള്‍ മാനേജ്മെന്‍റും പ്രോത്സാഹനവുമായി എത്തിയതോടെ ലോക സംഗീത ദിനമായ ഇന്ന് ഗാനം ഇന്ന് ആസ്വാദകർക്ക് മുന്നിലെത്തും.