‘ചൈനയുടെ ഏരിയ 51’ ; ചൈനയിലെ ഗോബി മരുഭൂമിയില്‍ കണ്ടെത്തിയ നിഗൂഡസ്ഥലം

2

നിഗൂഡതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സൈദ്ധാന്തികര്‍ക്ക് വീണുകിട്ടിയ ഒരു പുതിയ വാര്‍ത്തയാണ് ചൈനയിലെ ഗോബി മരുഭൂമിയില്‍ കണ്ടെത്തിയ ഒരു സ്ഥലം. ഗൂഗിള്‍ മാപ്സില്‍ സൂം ചെയ്താണ് ഏറെ സവിശേഷതകളുള്ള ഈ പ്രദേശം കണ്ടെത്തിയിരിക്കുന്നത്.

വൃത്താകൃതിയിലുള്ള ഈ സ്ഥലം കരിങ്കല്ലില്‍ തീര്‍ത്ത സ്മാരകം (stonehenge) പോലെയാണ് ചിലര്‍ക്കു തോന്നുന്നതെങ്കില്‍ ചിലര്‍ ഉറപ്പിച്ചു പറയുന്നു അത് ചൈനയുടെ സൈനിക താവളം തന്നെയാണെന്ന്. കാഠ്മണ്ഡുവിനും മംഗോളിയയ്ക്കുമിടയിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്സ് എന്തൊക്കെ രേഖപ്പെടുത്തി സൂക്ഷിക്കുന്നു എന്നതിനെപ്പറ്റിയുള്ള ഒരു പാഠവുമാണ് ഈ കണ്ടെത്തല്‍. ഗൂഗിള്‍ മാപ്സില്‍ പല വര്‍ഷങ്ങള്‍ പിന്നോട്ടു പോയി ആ സ്ഥലം വീക്ഷിക്കാമെന്നത് ഏതു രാജ്യത്തിനും ഒരു സുരക്ഷാ ഭീഷണിയുമാകാം.

ഗൂഡാലോചന സിദ്ധാന്തക്കാര്‍ (conspiracy theorists) ഇതിനെ വിളിക്കുന്നത് ‘ചൈനയുടെ ഏരിയ 51’ (‘China’s Area 51’) എന്നാണ്. (ഏരിയ 51 എന്നത് അമേരിക്കന്‍ വ്യോമസേനയുടെ താവളങ്ങളെ വിശേഷിപ്പിക്കുന്നതാണ്) മറ്റു ചിലര്‍ പറയുന്നത് ഈ പ്രദേശം വൃത്താകൃതിയിലുള്ള സോളാര്‍ പാനല്‍ പിടിപ്പിച്ചിരിക്കുന്നതാണ് എന്നാണെങ്കില്‍, വേറൊരു കൂട്ടര്‍ കരുതുന്നത് ഇതൊരു രഹസ്യ സൈനിക താവളമാണെന്നു തന്നെയാണ്. ചൈനയുടെ ഉപഗ്രഹ വിക്ഷേപണശാലയുടെ ആസ്ഥാനത്തിന് 100 മൈല്‍ അകലെയാണ് ഈ സ്ഥലമെന്നതും കോണ്‍സ്പിറസി തിയറിസ്റ്റുകളെ കൂടുതല്‍ ഉത്സാഹികളാക്കുന്നു. ഇത്തരം അഭ്യൂഹസൃഷ്ടാക്കളുടെ ഏറ്റവും വിചിത്രമായ കണ്ടെത്തല്‍ ഈ സ്ഥലം അന്യഗ്രഹ ജീവികളുടെ വ്യോമയാനങ്ങള്‍ക്കായി ചൈന ഒരുക്കിയിരിക്കുന്ന റണ്‍വെയാണെന്നതാണ്. ‘ബ്ലെയ്ക് ആന്‍ഡ് ബ്രെറ്റ്’ കസിന്‍സ് ആണ് ഈ വാദം മുന്നോട്ടുവച്ചിരിക്കുന്നത്.

എന്നാല്‍, ഗൂഗിള്‍ മാപ്സില്‍ ഇതാദ്യമായി അല്ല ചൈനയുടെ മരുഭൂമിയില്‍ ഇത്തരം വിചിത്ര സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. ഓരോ തവണയും ഇത്തരം വിചിത്രവാദങ്ങളും ഉയരാറുണ്ട്. മുന്‍പൊരിക്കല്‍ ഗാന്‍സു (Gansu) പ്രവശ്യയുടെ അതിര്‍ത്തിയില്‍ വിചിത്രമായ ചില അടയാളങ്ങളും മറ്റും കണ്ടെത്തുകയും ഇന്റര്‍നെറ്റില്‍ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തിരുന്നു.

പുതിയ വിഡിയോ ഉണ്ടാക്കിയിരിക്കുന്നവര്‍ പറയുന്നത് അവിടെ മൂന്നു വിമാനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നത് തങ്ങള്‍ക്ക് വ്യക്തമായി കാണാമെന്നാണ്. ട്രക്കുകളും കണ്ട്രോള്‍ ടവറുകളും അടുത്തുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കരിങ്കല്ലുകൊണ്ടു നിര്‍മിച്ച കെട്ടിടങ്ങള്‍ക്കു നടുവിലായി മൂന്നു വിമാനങ്ങള്‍ കാണാം. എന്നാല്‍, തങ്ങള്‍ എന്താണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനുമാകില്ലെന്നും അവര്‍ എടുത്തു പറയുന്നു. അമേരിക്കയടക്കമുള്ള മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള യുദ്ധം പരിശീലിക്കുന്ന സ്ഥലമാണ് ഇതെന്നാണ് മറ്റൊരു വാദം. എന്നാല്‍, ഇതിനെ ഖണ്ഡിക്കുന്നവര്‍ പറയുന്നത് ചൈനയ്ക്ക് അമേരിക്കയിലേതടക്കം ഏതു നഗരത്തെ ആക്രമിക്കണമെങ്കിലും അതിന് പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ലെന്നാണ്.