സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം: തൃശൂര്‍ സ്വദേശിനിക്ക് 29ാം റാങ്ക്, വയനാടന്‍ ആദിവാസി ജനതയ്ക്ക് അഭിമാനമായി ശ്രീധന്യയ്ക്ക് മികച്ച നേട്ടം

0

ഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിന് ഇരട്ട നേട്ടം. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനി സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കി.വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യ 410-ാം റാങ്ക് സ്വന്തമാക്കി. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് നേട്ടവുമായി ഒരു പെണ്‍കുട്ടി. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ,കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ്.

അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസമെന്ന് ശ്രീധന്യ പറഞ്ഞു. നേട്ടത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍-കലാദേവി ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. മൂത്ത സഹോദരി വിദ്യ മലയാള സര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്.

കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. ഐ ഐ ടി ബോംബെയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ കനിഷാക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയില്‍ 10648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1994 പേര്‍ പങ്കെടുത്തു.