സാങ്കേതിക സര്‍വകലാശാല വി.സിയുടെ താത്കാലിക ചുമതല സിസാ തോമസിന്

0

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഡോ. സിസാ തോമസിന്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസാ തോമസ്. ഡോ എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ രാജ്ഭവന്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന പദവിക്കൊപ്പം അധികമായാണ് വിസിയുടെ താത്ക്കാലിക ചുമതല കൂടി സിസാ തോമസിന് നല്‍കിയിരിക്കുന്നത്.

എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കുറച്ച് നാളായി വൈസ് ചാന്‍സലര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ പേരാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ സര്‍വകലാശാല വി സിക്ക് സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയുടെ ഡയറക്ടറുടെ താത്ക്കാലിക ചുമതലയും കഴിഞ്ഞ മൂന്ന് മാസമായി സിസാ തോമസിനായിരുന്നു. ഇതിന് പിന്നാലെയാണ് വി സിയായും സിസാ തോമസിനെ തീരുമാനിച്ച് രാജ് ഭവന്‍ ഉത്തരവിറക്കിയത്.