സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നു മുതൽ; അവസാന അക്കത്തില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി

0

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്നു മുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രിൽ ഒന്നിന് റേഷന്‍ വാങ്ങാം. രണ്ട്, മൂന്ന് നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക് ഏപ്രിൽ രണ്ടിന്; നാല്, അഞ്ച് എന്നിങ്ങനെ അവസാനിക്കുന്ന കാർഡുകൾക്ക് ഏപ്രിൽ മൂന്നിന്; ഏപ്രില്‍ നാലിന് ആറ്, ഏഴ്; ഏപ്രില്‍ അഞ്ചിന് എട്ട്, ഒൻപത് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കു റേഷൻ വാങ്ങാം.

അഞ്ച് ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാവും. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേസമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍ കടകളിലെത്തരുത്.

മുതിര്‍ന്ന പൗരന്മാര്‍, വീടുകളില്‍ തനിച്ച് താമിക്കുന്നവര്‍, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടതാണ്. സത്യസന്ധതയോടെ അത് ചെയ്യണം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ ജനപ്രതിനിധികളുടെയോ സന്നദ്ധ പ്രവര്‍ത്തനത്തിന് റെജിസ്റ്റര്‍ ചെയ്തവരുടെയോ മാത്രം സഹായം തേടാവൂ എന്നും അല്ലാതെ വരുന്നവ
പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കടയില്‍ നേരിട്ട് എത്താനാകാത്തവരുടെ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതിന് സന്നദ്ധ സംഘടനകളില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ സഹായം ഉറപ്പുവരുത്താം.