കെ ഫോണ്‍ പദ്ധതി; ഒരു കുത്തക കമ്പനിയുടെയും വക്കാലത്ത് എടുത്ത് അന്വേഷണ സംഘം ഇവിടേക്ക് വരേണ്ട: മുഖ്യമന്ത്രി

0

കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ രാജ്യത്തെ അന്വേഷണ ഏജൻസികൾ ഇവിടെ വട്ടം ഇട്ട് പറക്കുന്നതെന്തിനാണെന്ന് വാര്‍ത്താസമ്മേളനത്തിൽ ചോദിച്ച മുഖ്യമന്ത്രി കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്ന താക്കീതും നല്‍കി.കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു എന്ന അഭിപ്രായമുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം പ്രതിപക്ഷത്തെയും അന്വേഷണ ഏജന്‍സികളെയും രൂക്ഷമായി വിമര്‍ശിച്ചത്.

അന്വേഷണ ഏജന്‍സികള്‍ നിക്ഷിപ്ത താത്പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ യുവാക്കള്‍ കാത്തിരിക്കുകയാണ് കെ ഫോണിനായി. നാടിന്റെ യുവതയുടെ പ്രതീക്ഷയാണത്. കേരളമാകെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഒരുക്കുന്നു. ചിലര്‍ക്ക് അത് പ്രയാസം ഉണ്ടാക്കും. ആ നിക്ഷിപ്ത താത്പര്യം എങ്ങനെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്ക് വരും. എന്തിനാണ് അവര്‍ ഇടപെടുന്നത്. എന്താണ് അവര്‍ക്കുള്ള സംശയം. കിഫ്ബിയുടെ ഫണ്ടാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. അതുമായി ബന്ധപ്പെട്ട് എവിടെയാണ് സംശയം. കിഫ്ബി നടപ്പാക്കുന്ന നിര്‍വഹണ ഏജന്‍സികളെക്കുറിച്ചല്ല. കെ ഫോണ്‍ എന്നതിനോടാണ് ചിലര്‍ക്ക് വിയോജിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സികളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങള്‍ എന്തിന് കെ ഫോണിന് പോകണം, അതിന് വേറെ ആള്‍ക്കാരില്ലേ ഇവിടെ. ആ കാര്യം നടത്താന്‍ ഒരുപാട് സ്വകാര്യ ഏജന്‍സികളും കുത്തക കമ്പനികളും ഇവിടുണ്ടല്ലോ എന്നതാണ് പരോക്ഷമായി അന്വേഷണ ഏജന്‍സി പറയുന്നത്. അതിന് അതേ നാണയത്തില്‍ പറയുകയാണ് അത് മനസില്‍ വച്ചാല്‍ മതി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്ത് ഇവിടേക്ക് വരേണ്ട. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികല മനസുകളുടെ താത്പര്യത്തിന് അനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജന്‍സികള്‍ മാറാന്‍ പാടില്ല. ഞങ്ങള്‍ക്ക് ഈ നാട് ഏല്‍പ്പിച്ചു തന്ന ഉത്തരവാദിത്വം 2016ല്‍ കേരളം എന്തായിരുന്നോ അവിടെ നിന്ന് പിറകോട്ട് കൊണ്ടുപോവുക എന്നുള്ളതല്ല. അവിടെനിന്ന് മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളതാണ്. ആ ഉത്തരവാദിത്വമാണ് ഞങ്ങള്‍ നിറവേറ്റുന്നത്. അതിനോട് രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരുണ്ടാകാം. അവരുടെ കൂടെയല്ല അന്വേഷണ ഏജന്‍സികള്‍ നില്‍ക്കേണ്ടത്. ശിവശങ്കര്‍ എന്ത് പറഞ്ഞു, മൊഴി എന്താണ് എന്നൊക്കെ എനിക്ക് പറയാന്‍ സാധിക്കില്ല. അത് വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷമെ പ്രതികരിക്കാനാകു.