വാന്‍ഹായ് കപ്പലിനെ കെട്ടിവലിച്ച് പരമാവധി ദൂരേക്ക് നീക്കാന്‍ ശ്രമം; മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയം

0

കണ്ണൂര്‍ അഴീക്കല്‍ പുറംകടലില്‍ തീപിടുത്തമുണ്ടായ ചരക്കുകപ്പലില്‍ വിദഗ്ധ സംഘമിറങ്ങി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാന്‍ ശ്രമം. ചരക്കുകപ്പലിലുണ്ടായ തീപിടുത്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞെന്ന് നാവികസേന.

എംഇആര്‍എസ്‌സി പോര്‍ബന്തറിലെ സംഘമാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിലേക്ക് ഇറങ്ങിയത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള ഒരു കൊളുത്തില്‍ വലിയ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് വലിച്ചുകൊണ്ട് ഉള്‍ക്കടലിലേക്ക് മാറ്റാനാണ് ശ്രമം. കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.

നേവിയും കോസ്റ്റ്ഗാര്‍ഡുമെല്ലാം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി കപ്പലിലന്റെ മുന്‍ഭാഗത്തുള്ള തീ നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് എംഇആര്‍സി സംഘത്തിന് ഇറങ്ങാന്‍ സാധിച്ചത്. കേരളത്തില്‍ നിന്ന് കൂടുതല്‍ ദുരത്തേക്ക് മാറ്റാന്‍ ഇതുവഴി സാധിക്കും.

അതേസമയം, കപ്പലിലെ തീ രണ്ടുദിവസം പിന്നിട്ടപ്പോഴും പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ കപ്പല്‍ ചെരിഞ്ഞിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നു. എങ്കിലും കപ്പല്‍ സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നുണ്ട്. കനത്ത മഴകാരണം രാവിലെമുതല്‍ ഉച്ചവരെ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.