തകർന്നത് സുരക്ഷാ സംവിധാനം തന്നെ

0

ബുധനാഴ്ച ഉച്ചയ്ക്ക് തമിഴ്നാട്ടിലെ കൂനൂരിൽ തകർന്ന് വീണടിഞ്ഞത് കേവലം ഒരു ഹെലികോപ്റ്ററും പതിമൂന്ന് സൈനികരുമല്ല. തകർന്നടിഞ്ഞത് നമ്മുടെ രാഷ്ടത്തിൻ്റെ സുരക്ഷാ സംവിധാനം തന്നെയാണ്. രാഷ്ട്രം അയൽ രാജ്യങ്ങളിൽ നിന്ന് മുൻപ് കണ്ടിട്ടില്ലാത്ത വിധം ആക്രമണ ഭീഷണി നേരിടുന്ന വർത്തമാന അവസ്ഥയിൽ ഈ സംഭവത്തെ ഒരു ഹെലികോപ്റ്ററിൻ്റെ തകർച്ച മാത്രമായി കാണാൻ കഴിയില്ല. നഷ്ടപ്പെട്ടത് ഇന്ത്യയുടെ സർവ്വ സൈന്യാധിപനെത്തന്നെയാണ്.

ഒരു യുദ്ധത്തിൽ പോലും നമുക്ക് മുൻപ് ഇത്തരം ഒരു നഷ്ടമുണ്ടായിട്ടില്ല. ഈ അപകടത്തെ ലാഘവത്തോടെ കാണുന്നത് രാഷ്ട്രത്തോട് ചെയ്യുന്ന തെറ്റായിരിക്കും. ഒരു അട്ടിമറി സാധ്യതയുടെ സൂചനകളൊന്നുമില്ലെങ്കിലും അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതിലും അന്വേഷിക്കുന്നതിലും തെറ്റൊന്നുമില്ല. യഥാർത്ഥത്തിൽ ഈ അപകടം ഒരു അട്ടിമറിയാണെങ്കിൽ നമ്മുടെ സുരക്ഷാ സംവിധാനത്തിൽ തിരുത്താൻ പറ്റാത്ത തരത്തിലുള്ള പാളിച്ചകൾ ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും’ ലോകത്തിലെ തന്നെ മികച്ച പ്രൊഫഷണലാണ് നമ്മുടെ സൈനിക സ്ഥാപനങ്ങൾ എന്നാണ് നാം വിശ്വസിച്ച് വന്നിരുന്നത്.

ഇനി മറ്റൊരു കാര്യം ഈ അപകടം സംഭവിച്ചത് സാങ്കേതിക പിഴവുകൾ കൊണ്ടാണെങ്കിൽ അതിന് ഉത്തരം പറയേണ്ടത് ആരാണ്? ഇത്തരം സാങ്കേതിക പിഴവുകൾ ഉള്ളതാണോ നമ്മുടെ സൈനിക ഉപകരണങ്ങളും സംവിധാനങ്ങളുമെന്ന് നാം കരുതേണ്ടതുണ്ടോ? ഇനി ബാക്കിയാവുന്ന സംശയം പൈലറ്റുമാരുടെ ഭാഗത്തു നിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഇതിന് കാരണമായിട്ടുണ്ടോ എന്നതാണ്.

ഒരു പ്രധാന രാഷ്ട്രത്തിൻ്റെ സർവ്വ സൈന്യാധിപൻ സഞ്ചരിക്കുന്ന ഹെലികോപ്റ്ററിൽ ഇങ്ങനെയൊരു സാദ്ധ്യത സംശയിക്കുന്നത് പോലും യുക്തിക്ക് നിരക്കുന്നതല്ല. ഇനി അഥവാ അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ എല്ലാ തരത്തിലും സുസജ്ജമെന്ന് അവകാശപ്പെടുന്ന നമ്മുടെ സൈനിക പരിശീലനത്തിൽ അപരിഹാര്യമായ ന്യൂനതകൾ ഉണ്ടെന്ന് തുറന്നു സമ്മതിക്കേണ്ടി വരും. ആരുടെയെങ്കിലും തലയിൽ കുറ്റം കെട്ടി വെക്കാതെ ഇക്കാര്യത്തിൽ സമഗ്രവും കുറ്റമറ്റതുമായ അന്വേഷണം നടത്തേണ്ടത് കേന്ദ്ര സർക്കാറിൻ്റെ അനിവാര്യമായ ചുമതല തന്നെയാണ്. രാഷ്ട്രം അപമാന ഭാരം കൊണ്ട് ശിരസ്സ് താഴ്ത്താനുള്ള അവസരം സംജാതമാകരുത്.