4 കാമുകിമാർ ഒരുമിച്ച് വീട്ടിലെത്തി; യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

കല്‍ക്കത്ത: നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതോടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ബംഗാളിലെ കൂച്ച്ബിഹാര്‍ ജോര്‍പത്കി സ്വദേശി സുഭമോയ് കുമാറാണ് വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാള്‍ നിലവില്‍ കൂച്ച്ബിഹാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സുഭമോയ് കുമാറിന്റെ വീട്ടില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ സുഭമോയ് ഒരേസമയം നാല് കാമുകിമാരുമായും ബന്ധം പുലര്‍ത്തിയിരുന്നു. എന്നാൽ ഈ വിവരം യുവതികൾ അറിഞ്ഞിരുന്നില്ല. ഇവരോടെല്ലാം വിവാഹം കഴിക്കാമെന്ന് ഇയാൾ വാക്കും നൽകിയിരുന്നു.

എന്നാൽ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതികൾ നാലുപേരും കൂടി ഒരുമിച്ച് യുവാവിന്റെ വീട്ടിലെത്തി. ഇതോടെയാണ് പ്രണയച്ചതി നാട്ടുകാരും വീട്ടുകാരും അറിഞ്ഞത്. യുവതികൾ യുവാവിന്റെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയതോടെ ഇയാൾ മുറിയിൽ കയറി കതക് അടച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തെന്ന് അധികൃതർ വ്യക്തമാക്കുന്നു. യുവതികൾ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.