കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍

0

പത്തനംതിട്ട: കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും വന്നവരുമായി വളരെ അടുത്ത ബന്ധമുള്ള 95 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നിരീക്ഷണത്തിലുള്ള 1116 പേരില്‍ 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ച ആറുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സൌകര്യം ഒരുക്കും. കോവിഡ് 19 ബോധവത്കരണത്തിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ കൂടി ആശ്രയിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് യുവാവ് ചാടിപ്പോയതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇയാളെ കണ്ടെത്തുന്നത് വരെ അയാള്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയവ കണ്ടെത്തി അവരെയൊക്കെ നിരീക്ഷണത്തിന്‍കീഴില്‍ ആക്കേണ്ടിവരും.

രോഗം ബാധിച്ചവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്ന് ജില്ലാകളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കൊറോണ ഭീതിക്കിടയിലും എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടക്കും. വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയില്ലാതെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങള്‍ എല്ലാ സ്‌കൂളിലും ഒരുക്കിയിട്ടുണ്ട്. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട ചികിത്സയിലോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.