ഘട്ടം ഘട്ടമായി പ്രവാസികൾ നാട്ടിലെത്തിയേക്കും; ക്വാറന്റീൻ മൂന്നു തരം

0

വിദേശത്തുള്ള മലയാളികളെ ഒറ്റയടിക്ക് കൂട്ടത്തോടെ നാട്ടിൽ എത്തിക്കുന്നതിന് പകരം ഘട്ടം ഘട്ടമായി ആളുകളെ നാട്ടിലെത്തിച്ച് ക്വാറന്റീനിൽ പാർപ്പിക്കാനുള്ള തദ്ദേശ വകുപ്പിന്റെ ആസൂത്രണങ്ങൾ തുടങ്ങി. കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം.

കേന്ദ്ര തീരുമാനമായാൽ പ്രവാസികളെ മുൻഗണനാക്രമത്തിൽ വിവിധ ഘട്ടങ്ങളായാകും തിരികെയെത്തിക്കുക. രോഗികൾ, സ്ത്രീകൾ, വയോധികർ, കുട്ടികൾ എന്നിവർക്കായിരിക്കും മുൻഗണന.സമൂഹവ്യാപനമുണ്ടായാൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും മറ്റുമായി സർക്കാർ 2 ലക്ഷത്തിലേറെ മുറികൾ സജ്ജമാക്കുന്നുണ്ട്. പാർപ്പിക്കാനുള്ള സന്നദ്ധത സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

പ്രവാസികളുടെ പ്രശ്നങ്ങൾ അറിയിക്കാൻ നോർക്ക ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങൾ പ്രകാരം ഒരു ലക്ഷത്തിലധികം ആളുകൾ എത്താനുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കൊറോണ മൂലം സർവീസുകൾ നിർത്തിവെക്കുന്നതിനു മുൻപ് 90 – 100 രാജ്യാന്തര വിമാനങ്ങളാണ് പ്രതിദിനം കേരളത്തിൽ എത്തിയിരുന്നത്. നൂറു വിമാനങ്ങളിലായി ഉദ്ദേശം 18,000 സീറ്റുകളാണുള്ളത്. എന്നാൽ കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ മൂന്നിലൊന്നു യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നാണു സൂചന. അങ്ങനെയാണെങ്കിൽ പ്രതിദിനം 6000 പേർ എത്തുമെന്ന കണക്ക്. അതതു രാജ്യങ്ങളിൽ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച ശേഷമേ യാത്രയ്ക്ക് അനുമതി നൽകൂ. സംസ്ഥാനരിന്റെ ഡിജിറ്റൽ പാസും നിർബന്ധമാക്കും.

നാട്ടിലെത്തുന്ന പ്രവാസികൾക്ക് ബന്ധുകൾക്ക്പോലും രോഗപ്പകർച്ചയുണ്ടാവില്ലെന്ന് ഉറപ്പാക്കി ആദ്യ 14 ദിവസം വീട്ടിൽ തന്നെ തങ്ങാൻ സൗകര്യമുള്ളവർക്ക് അങ്ങനെ കഴിയാം. ആരോഗ്യപ്രവർത്തകർ വീടു സന്ദർശിച്ചു സുരക്ഷ ഉറപ്പുവരുത്തും. അല്ലാത്തവർക്ക് വിമാനത്താവളത്തിനു സമീപം ആരോഗ്യവകുപ്പു കണ്ടെത്തിയ ഹോട്ടലുകളിൽ സ്വന്തം ചെലവിൽ കഴിയാം. അതുമല്ലെങ്കിൽ സർക്കാർ ചെലവിൽ തലവിൽ താമസം, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിൽ ക്വാറന്റീനിൽ കഴിയാം.

സംസ്ഥാന സർക്കാരിനു വേണ്ടി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനപ്രകാരം 21.21 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിലുള്ളത്. ഇതിൽ 18.93 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിലാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഗൾഫിൽ 25 ലക്ഷത്തോളം മലയാളികളുണ്ട്.