സിംഗപ്പൂരിൽ കോവിഡ് പടരുന്നു; ഇന്ത്യക്കാരുൾപ്പെടെ ആശങ്കയിൽ

0

സിംഗപ്പൂരിലാകെ ആശങ്ക പടർത്തി കോവിഡ്-19 ഇന്ത്യക്കാരുൾപ്പെടെ വിദേശ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ രോഗം അതിവേഗം പടർന്നുപിടിക്കുകയാണ്. മരണസംഖ്യ കുറവാണെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ആറായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ ഒറ്റദിവസം റിപ്പോർട്ട് ചെയ്ത 942 കേസുകളിൽ 14 പേർ മാത്രമാണു സ്വദേശികൾ.

വിദേശ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സിംഗപ്പൂരിലെ 13 കേന്ദ്രങ്ങളിൽ ഐസലേഷൻ പ്രഖ്യാപിച്ചു. രോഗം എങ്ങനെ പടർന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ രോഗം സമൂഹ വ്യാപനത്തിലേക്കു കടന്നെന്ന കടുത്ത ആശങ്കയും ഇവിടുണ്ട്. ഉദ്ദേശം 3 ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് സിംഗപ്പൂരിലുള്ളത്. ഇന്ത്യ‌, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറെയും.

രോഗബാധിതരുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലുള്ള അമേരിക്കയിൽ രോഗികൾ ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000 പിന്നിട്ടു. ഇറ്റലിയിൽ മരണം 22,745 ആയി. രോഗബാധിതർ 1.72 ലക്ഷം കടന്നു. സ്പെയ്നിൽ മരണം 20,000 കടന്നു. രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാൻസിൽ 18,641 പേരും ബ്രിട്ടണിൽ 14,576 പേരും കോവിഡ് ബാധിച്ച് മരിച്ചു.

4,000 ത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച ജർമനയിൽ മരണം 4,300 കടന്നു. ബെൽജിയത്തിൽ മരണം 5,000 കടന്നു. ഇറാനിൽ മരണസംഖ്യ 4,958 ആയി. ബ്രസീലിൽ 2.000ത്തിലേറെ പേർ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ പതിനെട്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 13,835 രോഗികളാണുള്ളത്. മരണസംഖ്യ 452 ആയി. ലോകത്താകെ 15 ലക്ഷത്തിലേറെ രോഗികൾ നിലവിൽ ചികിത്സയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 57,000ത്തോളം പേരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്.