324 പേരുമായി വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനമെത്തി; 42 മലയാളികൾ

0

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ വ്യാപകമായ ചൈനയിലെ വുഹാനിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ആദ്യത്തെ ഇന്ത്യൻ സംഘം ഡൽഹിയിൽ എത്തി. ആദ്യസംഘത്തിൽ 324 പേരാണുള്ളത്. വിദ്യാർത്ഥികൾ ഉൾപ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്‌നാട്ടുകാരും തിരിച്ചെത്തി. 90 പേർ സ്ത്രീകളാണ്. 211 വിദ്യാർത്ഥികൾ, 3 കുട്ടികൾ. തിരിച്ചെത്തിയരിൽ എട്ട് കുടുംബങ്ങൾ ഉൾപ്പെടുന്നു.

ഇന്നലെ അർധരാത്രിക്കു ശേഷമാണ് എയർഇന്ത്യയുടെ വിമാനം വുഹാനിലേക്ക് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ‌ടിബി‌പി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്.

അതേസമയം കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാനായുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ റൂമിനുള്ളിൽ നിരവധി പേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഡൽഹിയിലെ റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചു ഡോക്ടർമാരും എയർ ഇന്ത്യയിലെ പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങളോടെ എയർ ഇന്ത്യയുടെ 747 വിമാനം വെള്ളിയാഴ്ച വൈകിട്ടാണ് വുഹാനിൽ എത്തിയത്. വുഹാനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വെള്ളിയാഴ്ച രാത്രിയോടെ ബസുകളിലാണു വിമാനത്താവളത്തിലെത്തിച്ചത്. രാത്രി പതിനൊന്നു മണിയോടെ ബോർഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം ഇന്ത്യയിലേക്കു തിരിക്കുകയായിരുന്നു.

വൈറസ് ബാധയില്ലെന്ന് ചൈന അധികൃതർ ഉറപ്പാക്കിയവരെയാണ് തിരികെ കൊണ്ടു വരുന്നത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച സമ്പൂർണ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാൻ കരസേനയും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) രണ്ടിടത്തായി ക്യാംപുകൾ സജ്ജമാക്കി. 600 കിടക്കകളാണ് ഡൽഹി ചാവ്‌ല മേഖലയിലെ ഐടിബിപി ആസ്ഥാനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവിടെ താമസിപ്പിച്ചു നിരീക്ഷിക്കുക.