കൊറോണ: ചൈനയില്‍ മരണം 170 ആയി; 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചു

0

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാണെന്ന് ആശങ്കകളുണ്ട്. 124 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

വുഹാനിലുള്ള നാല് പാകിസ്താനിവിദ്യാര്‍ഥികള്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു.

ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും, ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടി.കൊറോണവൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്.

വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യന്‍ ഔദ്യോഗികമാധ്യമം ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു.