ഏഴ് രാജ്യക്കാര്‍ക്ക് കൈത്താങ്ങായി ഇന്ത്യ; വുഹാനില്‍ നിന്ന്‌ 112 പേരെ വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു

0

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ (കോവിഡ്-19) പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ 112 പേരെ വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. ഇതില്‍ 76 പേര്‍ ഇന്ത്യക്കാരാണ്‌. ബാക്കിയുള്ള 36 പേര്‍ ഏഴ് രാജ്യങ്ങളില്‍ നിന്നായുള്ള വിദേശികളാണ്.

വിമാനം വൈകിയത് ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ഇന്ത്യക്കാര്‍ക്ക് പുറമെ ഏഴ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും ചൈനയില്‍ നിന്ന് വ്യോമസേന വിമാനം ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ചൈന, ദക്ഷിണാഫ്രിക്ക, മ‍ഡഗാസ്കര്‍, മ്യാന്മാര്‍, മാലിദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് തിരിച്ചെത്തിയവരില്‍ അധികവും. ഇന്ത്യയില്‍ പ്രവാസി പൗരത്വവുമുള്ള ചൈനീസ് പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. 76 ഇന്ത്യക്കാര്‍, 23 ബംഗ്ലാദേശികള്‍, ആറ് ചൈനക്കാര്‍, മ്യാന്മാറില്‍ നിന്നും മാലിദ്വീപില്‍ നിന്നും രണ്ട് വീതം, യുഎസില്‍ നിന്നും മഡഗാസ്കറില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോരുത്തര്‍ എന്ന നിലയിലാണ് തിരിച്ചെത്തിയവരുടെ കണക്ക്.

കൊറോണ ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സഹായത്തിനായി നേരത്തെ ചൈനയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് 112 പേരെ വ്യാഴാഴ്ച രാവിലെയോടെ തിരിച്ചെത്തിച്ചത്. കൊറോണ ബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ 112 യാത്രക്കാരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കും.

ദില്ലിയില്‍ 14 ദിവസത്തെ പ്രത്യേക നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാനാകൂ. മരുന്നും ഉപകരണങ്ങളുമടക്കം 15 ടണ്‍ സാധനങ്ങളുമായാണ് നേരത്തെ വ്യോമസേനയുടെ വിമാനം വുഹാനിലേക്ക് പോയത്. ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ എഴുപതാം വാർഷികത്തില്‍ നല്‍കുന്ന സഹായം അവിടുത്തെ ജനങ്ങളോടുള്ള സ്നേഹത്തിന്‍റെയും ഐക്യദാർഡ്യത്തിന്‍റെയും അടയാളമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.