മരണഭീതി പടർത്തി കൊറോണ; പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാനൊരുങ്ങി ചൈന

0

വുഹാന്‍ (ചൈന): കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. കൊറോണ രോഗം അതിവേഗം പടരാന്‍ തുടങ്ങിയതോടെ ഈ രോഗികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രമാണ് ചൈന പുതിയ ആശുപത്രി നിര്‍മ്മിക്കുന്നത്.

ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിര്‍മിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രി കെട്ടിടം പണിയുന്നതിനായി 10 ബുൾഡോസറുകളും 35 ജെസിബിയും വ്യാഴാഴ്ച രാത്രിയോടെ സ്ഥലത്തെത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 100 തൊഴിലാളികള്‍ ആശുപത്രി നിര്‍മാണം തുടങ്ങി.. ഫെബ്രുവരി മൂന്നിന് കെട്ടിടം പണി പൂർത്തിയാകുമെന്ന് ചൈനീസ് ഔദ്യോ​ഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.

2003 ല്‍ ചൈനയിലുണ്ടായ സാര്‍സ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും 7,000 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ടാണ് ബെയ്ജിങ്ങില്‍ പുതിയ ആശുപത്രി നിര്‍മിച്ചത്. 2500 സ്ക്വയർ ഫീറ്റിലാണ് തലസ്ഥാനത്ത് ആശുപത്രി കെട്ടിടം ഒരുക്കിയത്. ചെറിയ ക്യാബിനുകളായി ഐസോലേഷൻ വാർഡുകളാണ് ആശുപത്രിയിൽ സജ്ജീകരിച്ചത്.

കൊറോണ വൈറസ് ബാധിച്ച് 25 പേരാണ് ചൈനയില്‍ മരിച്ചത്. 830 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നത്.

ആശുപത്രികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍കണ്ടെത്തുന്നതിന് ആവശ്യമായ കിറ്റുകളും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.