വിപണനമേളയാകുന്ന ആത്മനിർഭര ഭാരതം

0

നമ്മുടെ കേന്ദ്ര ഭരണാധികാരികൾ ആക്രിക്കച്ചവടക്കാരൻ്റെ മാനസികാവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ഇവിടെ എന്തും വില്പന ചരക്കാണ്. വില കിട്ടിയാൽ രാഷ്ട്രത്തെത്തന്നെ വിറ്റേക്കാം. ഏററവും ഒടുവിലായി ആഗസ്ത് 11ന് ജനറൽ ഇൻഷുറൻസ് മേഖല സ്വകാര്യ മേഖലക്ക് പതിച്ചു കൊടുക്കാനുള്ള ബില്ലാണ് ചർച്ച പോലും ചെയ്യാതെ പാർലമെൻ്റ പാസ്സാക്കിയത്. ഇത് ദേശീയ സാമ്പത്തിക സുരക്ഷയെ കീഴ്മേൽ മറിക്കുന്ന വിപൽക്കരമായ നടപടിയാണെന്ന് വ്യക്തമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഒരു സ്വപ്നമുണ്ടായിരുന്നു.

ആ സ്വപ്ന സാക്ഷാത്കാരമായിരുന്നു ആദ്യ കാല ഭരണാധികാരികളുടെ ലക്ഷ്യം. ബാങ്ക് ദേശസൽക്കരണവും പിന്നീട് പാസ്സാക്കിയ ഇൻഷൂറൻസ് ബില്ലുകളും അതിൻ്റെ വ്യക്തമായ തെളിവുകൾ തന്നെയാണ്. 1972 ലെ ദേശസാത്കരണം ഇൻഷുറൻസ് മേഖലയിലുണ്ടാക്കിയത് സാമ്പത്തിക വിപ്ലവം തന്നെയായിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളെയും ഗ്രാമീണരെയും നേരിട്ട് സ്പർശിച്ച പരിഷ്കാരം അഭിമാനകരമായിരുന്നു. എന്നാൽ നവലിബറൽ നയങ്ങൾ ‘ കലവറയില്ലാതെ പിൻതുടരുന്ന സമീപകാല സർക്കാറുകൾ ഈ സാമ്പത്തിക സമീപനങ്ങളെ വേരോടെ പിഴുതെറിയാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ കേന്ദ്ര സർക്കാർ പാസ്സാക്കിയ ഇൻഷൂറൻസ് ഭേദഗതി നിയമം നമ്മുടെ ഇൻഷൂറൻസ് നയങ്ങൾക്ക് വിരുദ്ധമായ നടപടിയാണ്. ജനറൽ ഇൻഷുറൻസ് മേഖല സ്വകാര്യ മേഖലക്ക് പതിച്ചു കൊടുക്കുമ്പോൾ തകർന്നു പോകുന്നത് നാം ഇത് വരെ പിൻതുടർന്ന് വന്നിരുന്ന ക്ഷേമസങ്കല്പം തന്നെയാണ്. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വർഷാവർഷം സർക്കാറിന് ലാഭവിഹിതം നൽകാറുണ്ടായിരുന്നു. ഈ ലാഭവിഹിതം ദേശപുരോഗതിക്കായി, വികസന പദ്ധതികളിൽ വിനിയോഗിക്കപ്പെടാറുണ്ടായിരുന്നു. എന്നാൽ സ്വകാര്യ മേഖലക്ക് കൈമാറുന്നതോടെ ഇത്തരം അനേക ലക്ഷം കോടികൾ സർക്കാറിന് നഷ്ടമാകുകയാണ്. മാത്രമല്ല, ഇൻഷൂറൻസ് കമ്പനികളുടെ സ്വഭാവത്തിലും സമീപനത്തിലും അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. നഗര കേന്ദ്രീകൃതമായി മാറിത്തീരുന്ന ഈ കമ്പനികളിൽ ഗ്രാമീണ ജനതയുടെ പ്രതീക്ഷകൾ അവഗണിക്കപ്പെടുക തന്നെയായിരിക്കും ഫലം.

ഈ ബിൽ പ്രതിലോമകരമാണ്. ഒരു വികസ്വര രാഷ്ട്രത്തിൻ്റെ പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. അത് കൊണ്ട് തന്നെയാണ് കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനായി പാർലമെൻ്റിൽ ഈ ബിൽ പാസ്സാക്കിയെടുക്കാൻ ചർച്ച പോലും നിഷേധിക്കപ്പെട്ടത് എന്നത് പകൽ പോലെ വ്യക്തം. തീർച്ചയായും ഈ ബിൽ തിരുത്തപ്പെടേണ്ടത് തന്നെയാണ്.