കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

0

ആലപ്പുഴ: ദേശീയപാതയില്‍ തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ടു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എഴുപുന്ന ചെമ്മനാട് ക്ഷേത്രത്തിന് സമീപം കണ്ണന്ത്ര നികര്‍ത്ത് രാഹുല്‍ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മക്കളായ വൈഷ്ണ, വിനയ് എന്നിവരാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം.

തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കാറിലുള്ളവര്‍. ഏവിയേഷന്‍ ഓയിലുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. കാറിന്റെ മുന്‍ സീറ്റിലായിരുന്നു രാഹുലും ഭാര്യയും. പിന്‍സീറ്റിലായിരുന്നു മറ്റുള്ളവര്‍. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കടയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ലോറിയുടെ മുന്‍ഭാഗം മാത്രം തകര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് സൗത്ത് എസ്‌ഐ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുമുണ്ടായി.