ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ വാക്സിന്‍; മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും

0

ന്യൂഡല്‍ഹി : കൊവിഡ് വകഭേദമായ ഒമിക്രോണ്‍ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യം സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ വാക്സിനുകളായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒരു വ്യക്തി സ്വീകരിക്കുന്ന 2 ഡോസ് വാക്‌സിനുകളും ഒരേ വാക്‌സിൻ ആയിരിക്കും എന്നാൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ അയി നൽകുന്ന വാക്‌സിൻ വ്യത്യസ്തമായ മറ്റൊരു വാക്‌സിനായിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും ഒപ്പം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. ഇതുവരെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഇന്നലെ 6,987 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 7,091 പേര്‍ രോഗമുക്തി നേടി. ഇരുപത്തിനാല് മണിക്കൂറിനിടെ 162 പേര്‍ മരിച്ചു. രാജ്യത്ത് 76,766 സജീവ കേസുകളാണ് ഉള്ളത്.ഇതുവരെ 3,42,30,354 പേര്‍ രോഗമുക്തരായതായും 4,79,682 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.