കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടച്ചിട്ടിരുന്ന കേരളത്തിലെ വിദ്യാലയങ്ങൾ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ വീണ്ടും തുറക്കുകയാണ്. മഹാമാരിയുടെ ഭീതിയിൽ നിന്നും പൂർണമായി മുക്തി നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും സ്ഥിതിഗതികൾ ആശ്വാസകരമായ അവസ്ഥയിലാണെന്നുള്ള നിഗമനത്തിലാണ് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.

അടച്ചുപൂട്ടൽ സൃഷ്ടിച്ച മാനസിക സമ്മർദ്ദത്തിൽ നിന്നും വിദ്യാർത്ഥികൾ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. അതിനുള്ള പോംവഴി വിദ്യാലയങ്ങൾ തുറക്കുക എന്നത് തന്നെയാണ്. കരുതലും ജാഗ്രതയും തന്നെയായിരിക്കണം അനുവർത്തിക്കേണ്ട മുഖ്യ ഘടകം.

സമൂഹത്തിൻ്റെ ജീവൻ്റെ തുടിപ്പുകളാണ് വിദ്യാലയങ്ങൾ. അക്ഷരമുറ്റങ്ങളിൽ പൂക്കൾ വിരിയുമ്പോഴാണ് സംസ്ക്കാരിക സുഗന്ധം സർവ്വവ്യാപിയായിത്തീരുന്നത്. കുട്ടികൾക്ക് അവരുടെ ലോകം തിരിച്ചു ലഭിക്കുന്നത് തികച്ചും സന്തോഷകരമായ കാര്യം തന്നെയാണ് ‘ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

വിദ്യാലയങ്ങൾ തുറക്കുന്ന തോട് കൂടി കേരളം ഒരു പുതിയ ഉണർവ്വിലേക്ക് ഉണരുക തന്നെ ചെയ്യും. ആവശ്യമായ മുന്നൊരുക്കം നടത്തി ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കേണ്ടത് അനിവാര്യമായ ചുമതലയാണെന്ന ബോധം ബന്ധപ്പെട്ടവരിലുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. വീണ്ടും മണിമുഴങ്ങുമ്പോൾ അക്ഷരമുറ്റങ്ങൾ പൂത്തുലയുമ്പോൾ നാം തിരിച്ചു പിടിക്കുന്നത്
നഷ്ട വസന്തം തന്നെയാണ്