കൊവിഡ്: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 78,761 പേർക്ക്

0

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 948 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ മരണം 63498 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,42,734 ആയി. ഇതുവരെ 27,13,933 പേർ രാജ്യത്ത് രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് കണക്ക്. 76. 60 ശതമാനമാണ് രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം 16,867 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,64,281 ആയി. 328 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 24,103 ആയി. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍

ആന്ധ്രയില്‍10,548 പേര് ഇന്നലെ രോഗ ബാധിതരായി. കര്‍ണാടക 8,324, തമിഴ്നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാൾ 3012, രാജസ്ഥാൻ 1407, ജാർഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം. തുടർച്ചയായ മൂന്നാം ദിവസവും 9 ലക്ഷത്തിലധികം സാന്പിളുകൾ പരിശോധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധകളുടെ എണ്ണം നാല് കോടി പിന്നിട്ടു. രാജ്യത്തെ നൂറ് പേരെയെടുത്താൽ മൂന്ന് പേർക്ക് പരിശോധന നടത്തുന്നുണ്ടെന്നാണ് കണക്ക്. ഈ മാസം 17നാണ് ഇന്ത്യ മൂന്ന് കോടി പരിശോധന പൂർത്തിയാക്കിയത്. രാജ്യത്തെ കൊവിഡ് രോഗികളിൽ 0.29 ശതമാനം പേർക്ക് മാത്രമാണ് വെന്റിലേറ്റർ സഹായം വേണ്ടിവരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു