കൊറോണ വൈറസ് (COVID19) ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടക്കുകുകയും നൂറിലേറെ രാജ്യങ്ങളിൽ വൈറസ് പടരുകയും ചെയ്തതോടെ മാർച്ച് 11ന്, ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലത്തെ അവസ്ഥയിൽ താഴെ പറയുന്ന കാര്യങ്ങൾ കൂടി പറയുന്നു

(Cover Image : https://unsplash.com/@cdc)

ആകെ ബാധിതമായ രാജ്യങ്ങൾ – 114.
മൊത്തം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം – 118326 (ഇതിൽ 4627 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ).
മരിച്ചവരുടെ എണ്ണം 4292 (കഴിഞ്ഞ 24 മണിക്കൂറിൽ 280).

ഭൂരിഭാഗം കേസുകളും ഇപ്പോഴും ചൈനയിൽ തന്നെയാണ് – 80955, (പുതിയ കേസുകൾ 31 മാത്രം). ചൈന ഒഴിച്ചുള്ള ലോകത്ത് 37371 കേസുകൾ ആണുള്ളത് (പുതിയതായി 4596). ചൈനക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 1130 (കഴിഞ്ഞ 24 മണിക്കൂറിൽ 258).

ലോകം സമീപകാലത്തൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു സാഹചര്യമാണ്. കർശന നിയന്ത്രണം ഏർപ്പെടുത്തിയ ചൈന ഈ സാഹചര്യത്തെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ലോകരാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങൾ പല തരത്തിലുള്ള നിയന്ത്രണങ്ങളും കൊണ്ടുവരുന്നുണ്ട്.

 • അമേരിക്ക ഈ മാസം പതിനഞ്ചാം തിയതി മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള (ഷെൻഗൻ രാജ്യങ്ങൾ) എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചിരിക്കുന്നു.
 • ഇറ്റലിയിൽ ആകമാനം യാത്രാ നിരോധനമാണ്, കൂടാതെ ഭക്ഷണവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾ ഒഴിച്ചുള്ളവ അടച്ചിടുന്നു.
 • ഫ്രാൻസിൽ സ്‌കൂളുകൾ അടച്ചു.
 • സ്വിറ്റ്‌സർലന്റിൽ നൂറിൽ കൂടുതൽ ആളുകൾ കൂടുന്ന എല്ലാ സാഹചര്യവും നിരോധിച്ചു.
 • കുവൈറ്റിൽ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്.
 • ഇന്നലത്തെ (മാർച്ച് 11) കാബിനറ്റ് മീറ്റിംഗിൽ ഇന്ത്യയും വലിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
 • OCI കാർഡ് ഉള്ളവർക്കുൾപ്പെടെയുള്ള വിസകൾ ഏപ്രിൽ പതിനഞ്ചു വരെ സസ്‌പെൻഡ് ചെയ്തു.
 • അത്യാവശ്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.
 • ഇന്ത്യയിലേക്കുള്ള യാത്രകൾ – ഇൻഡ്യാക്കാരുടേത് ഉൾപ്പടെ, അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
 • ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഫ്രാൻസ്, സ്‌പെയിൻ, ജർമനി, എന്നീ രാജ്യങ്ങളിൽ ഫെബ്രുവരി പതിനഞ്ചിന് ശേഷം യാത്ര ചെയ്തിട്ടുള്ള എല്ലാവരെയും ഇന്ത്യയിൽ എത്തുന്പോൾ പതിനാലു ദിവസം ക്വറന്റൈനിൽ പ്രവേശിപ്പിക്കും.
 • കരമാർഗ്ഗം ഇന്ത്യയിലേക്കുള്ള യാത്ര ശരിയായ പരിശോധന സംവിധാനങ്ങളുള്ള ചെക്ക് പോയിന്റുകളിൽ കൂടി മാത്രമാക്കി ചുരുക്കുന്നു.

കേരളത്തിലെ സർക്കാർ ഏറ്റവും കാര്യക്ഷമമായിട്ടാണ് കൊറോണ ബാധയെ കൈകാര്യം ചെയ്തത്, ഒന്നാം വരവിനെ നമ്മൾ ശരിയായി പ്രതിരോധിക്കുകയും ചെയ്തു. ഇന്നിപ്പോൾ രണ്ടാം വട്ടം കൊറോണ ബാധയെ നേരിടുകയാണ്.

ലോകത്ത് മിക്കവാറും രാജ്യങ്ങളിലുള്ള മലയാളികൾക്ക് കൊറോണ ആശങ്കകൾ ഉണ്ട്. രോഗം വരുമോ എന്നുള്ള പൊതുവായ ആശങ്ക ഒഴിച്ചാൽ വിവിധ രാജ്യങ്ങളിലുള്ളവരുടെ ആശങ്കകൾ വ്യത്യസ്തമാണ്,

 • രോഗം വന്നാൽ ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുമോ?
 • ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമോ?
 • വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ തിരിച്ച് നാട്ടിലേക്ക് എത്താൻ സാധിക്കുമോ?
 • നാട്ടിലേക്ക് പോകുന്നതിന് ഇപ്പോൾ ഇറ്റലിയിൽ ഉള്ളതു പോലെ രോഗബാധയുടെ ടെസ്റ്റുകൾ നിർബന്ധമാക്കുമോ?
 • നാട്ടിലെത്തിയാൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരുമോ?
 • നാട്ടിലേക്ക് പോയാൽ പഠനം, തൊഴിൽ ഇവ മുടങ്ങുമോ? തിരിച്ചു വരാൻ സാധിക്കുമോ?

ഓരോ ചോദ്യവും പ്രധാനമാണെങ്കിലും അവയ്‌ക്ക് പൊതുവായ ഉത്തരങ്ങളില്ല. ഓരോ രാജ്യത്തും സാഹചര്യം വ്യത്യസ്തമായതിനാൽ, നിങ്ങൾ ആ രാജ്യത്തെ പൗരനാണോ സന്ദർശകനാണോ, നിങ്ങൾ ഒറ്റയ്‌ക്കാണോ അതോ ധാരാളം സുഹൃത്തുക്കളും സഹപാഠികളും ഉണ്ടോ, നിങ്ങളുടെ തൊഴിലുടമ/പഠനസ്ഥലം ഇത്തരം കാര്യങ്ങളെ എത്ര പ്രൊഫഷണൽ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെ ഒക്കെ അനുസരിച്ചിരിക്കും ഇതിന്റെ ഉത്തരങ്ങൾ. എന്നാലും വ്യക്തിപരമായി എങ്ങനെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതെന്ന കുറച്ചു നിർദ്ദേശങ്ങൾ തരാം.

 1. കൊറോണ വൈറസ് ബാധ ലോകവ്യാപകം ആണെങ്കിലും ബാധിച്ചവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. ഏറ്റവും കൂടുതൽ കൊറോണബാധയുണ്ടായിട്ടുള്ള ചൈനയിലും ഇറ്റലിയിലും ദക്ഷിണകൊറിയയിലും ആയിരത്തിൽ ഒന്നിലും താഴെ ആളുകൾക്കാണ് രോഗബാധ ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ രോഗം ബാധിച്ചവരിൽ നാലു ശതമാനവും.
 2. കൊറോണ ബാധ ഒരു ഫ്ലുവിലപ്പുറം കൂടുതൽ സങ്കീർണ്ണതയിലേയ്‌ക്ക് പോകാനുള്ള സാധ്യത പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവർക്കും (ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, കാൻസർ) ആണ് കൂടുതൽ.
 3. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശരിയായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാവുകയും നിങ്ങൾക്ക് വേണ്ടത്ര ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ ഈ രോഗത്തെ മറ്റേതൊരു രോഗത്തെയും പോലെ നേരിടാം. അതിനാൽ അവിടെ നിന്നും നാട്ടിലേക്ക് എത്രയും വേഗം തിരിച്ചു പോകേണ്ട കാര്യമില്ല.
 4. രോഗമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുക (https://www.who.int/…/novel-coronavirus-2…/advice-for-public).
 5. കുടുംബത്തിലെ എല്ലാവരുമായി ഈ വിഷയം ചർച്ച ചെയ്യുക. എന്തൊക്കെ പ്രതിരോധ പ്രവർത്തനങ്ങൾ ആണ് വേണ്ടത്, കുട്ടികൾക്ക് സ്‌കൂൾ ഇല്ലാത്ത സമയമാണെങ്കിൽ നാട്ടിൽ പോകുന്നതാണോ നല്ലത്, ഒരാൾക്ക് അസുഖം ഉണ്ടായാൽ മറ്റുള്ളവർ എന്ത് ചെയ്യണം ഇതൊക്കെ മുൻ‌കൂർ ആലോചിക്കണം. നിങ്ങൾ താമസിക്കുന്നിടത്തോ നാട്ടിലോ ഒരു ഡോക്ടറുമായി നേരിട്ട് കാര്യങ്ങൾ സംസാരിക്കാനുള്ള അവസരം ഉണ്ടെങ്കിൽ ആകാംക്ഷ ഏറെ കുറയും.
 6. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അടുത്ത സുഹൃത്തുക്കളുമായും കൊറോണ വിഷയം ചർച്ച ചെയ്യുക. പ്രത്യേകിച്ചും കൂട്ടുകാരിൽ ഒരാൾക്ക് രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് പരസ്പരം സഹായിക്കാൻ പറ്റുന്നത് എന്നുള്ളതായിരിക്കണം ചർച്ചകൾ. ഇക്കാര്യത്തിന് മാത്രമായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇതിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.
 7. വേണ്ടത്ര ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത പല രാജ്യങ്ങളിലും മലയാളികൾ ജീവിക്കുന്നുണ്ട്. ഈ പ്രദേശത്തുള്ളവർ രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ചിന്തിക്കുക, സുഹൃത്തുക്കളുമായി സംസാരിക്കുക, നിങ്ങളുടെ ഇൻഷുറൻസ് കന്പനിയോട് ചർച്ച ചെയ്യുക. നിങ്ങളുടെ തൊഴിൽ / വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശവും തേടിയതിന് ശേഷം നാട്ടിലേക്ക് പോകണോ എന്ന കാര്യം തീരുമാനിക്കുക.
 8. പൊതു സുരക്ഷയും ഭക്ഷ്യസുരക്ഷയും പ്രശ്നമായ പ്രദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾ കൊറോണക്കാലത്ത് കൂടുതൽ സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിങ്ങൾ വ്യക്തിപരമായും നിങ്ങളുടെ കമ്മ്യൂണിറ്റി അല്ലെങ്കിൽ ക്യാംപ് വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും, മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും വാങ്ങി ശേഖരിക്കുന്നതും, എ ടി എം മെഷീനുകളിൽ നിന്നും അത്യാവശ്യം പണം പിൻവലിച്ചു കൈയിൽ കരുതുന്നതും ശരിയായ നടപടിയാണ്.
 9. നിങ്ങൾ താമസിക്കുന്ന നാടുകളിലെ ഹോസ്പിറ്റൽ, പോലീസ് എന്നിവയുടെ എമർജൻസി നന്പർ കണ്ടുപിടിച്ച് ഫോണിൽ സേവ് ചെയ്യുക. എല്ലാ കുടുംബാംഗങ്ങൾക്കും ഇക്കാര്യം അറിയാം എന്ന് ഉറപ്പു വരുത്തുക.
 10. നിങ്ങൾ എവിടെയാണെങ്കിലും ഏറ്റവും അടുത്ത മലയാളി അസോസിയേഷൻ, ഇന്ത്യൻ എംബസ്സി, ഇവയുടെ നന്പറുകൾ കയ്യിൽ കരുതുക. ഗ്രൂപ്പിലുള്ളവരുമായി ഷെയർ ചെയ്യുക.
 11. കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളുമായി ദിവസത്തിൽ ഒരിക്കലെങ്കിലും സംസാരിക്കുക. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ യഥാർത്ഥമായ സ്ഥിതിഗതികൾ അവരോട് പങ്കുവെക്കുക. അവർക്ക് നിങ്ങളെക്കുറിച്ചുള്ള പേടി മനസ്സിലാക്കാവുന്നതാണെങ്കിലും എന്ത് ചെയ്യണമെന്നുള്ള തീരുമാനം അവരുടെ ആശങ്കകളെ അനുസരിച്ചല്ല, നിങ്ങൾ താമസിക്കുന്ന പ്രദേശത്തെപ്പറ്റിയുള്ള നിങ്ങളുടെ അറിവിനെ അനുസരിച്ചാണ് എടുക്കേണ്ടത്.
 12. നിങ്ങൾ ഇപ്പോൾ അവധിയിൽ കേരളത്തിലാണെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന/പഠിക്കുന്ന നാട്ടിലെ സുഹൃത്തുക്കളുമായും തൊഴിലുടമ (അല്ലെങ്കിൽ എച്ച് ആർ വിഭാഗം) അല്ലെങ്കിൽ പഠന സ്ഥാപനം ഇവയുമായി അവിടുത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുക. അവിടെ കാര്യങ്ങൾ ഏതാണ്ട് സാധാരണ മട്ടിൽ ആണെങ്കിൽ തിരിച്ചു പോകാം. അല്ലെങ്കിൽ അവരുടെ നിർദ്ദേശവും ഇന്ത്യ ഗവർമെന്റിന്റെ നിർദ്ദേശവും ശ്രദ്ധിച്ചു തീരുമാനം എടുക്കുക. ഇന്ത്യയിൽ നിന്നും വരുന്നവരെ നിരോധിച്ച രാജ്യങ്ങളും ഉണ്ട്, ചിലയിടത്ത് ക്വാറന്റൈനിൽ കിടക്കേണ്ടി വന്നേക്കാം, ചിലയിടത്ത് വന്നു കഴിഞ്ഞാൽ തിരിച്ചു പോകാൻ തടസ്സമുണ്ടാകും. അതുകൊണ്ട് അത്യാവശ്യ സാഹചര്യമില്ലെങ്കിൽ ഈ സമയത്ത് നാട്ടിൽ തന്നെ നിൽക്കുന്നതാണ് നല്ലത്. ചക്കയും മാങ്ങയും ഒക്കെയുള്ള കാലമല്ലേ, ബീവറേജസും പൂട്ടിയിട്ടില്ല. അല്പം ആഘോഷം ആകാം.
 13. കേരളത്തിലെ ടി വി ചർച്ചകളും എല്ലാ വാട്ട്സ്ആപ്പ് ഫോർവേഡുകളും കാണാതിരിക്കുക. (നിങ്ങളെ പേടിപ്പിക്കാൻ ഇതിലപ്പുറം ഒന്നും വേണ്ട).

ഈ വിഷയത്തിൽ ഏറ്റവും ആധികാരികമായ വിവരങ്ങൾ മാത്രം അന്വേഷിച്ചു വായിക്കുക. ആധികാരികമായ പ്രധാനപ്പെട്ട വെബ്‌സൈറ്റുകൾ താഴെ പറയുന്നു.

നിങ്ങൾ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ ആരോഗ്യ വകുപ്പും സമയാ സമയങ്ങളിൽ നിർദ്ദേശങ്ങൾ ഇറക്കുന്നുണ്ടാകും. ശ്രദ്ധിക്കുക. ചില രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്, അവയും ശ്രദ്ധിക്കുക.

സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി