പത്തനംതിട്ടയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു

പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറുവരെയുള്ള ദിവസങ്ങളില്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പത്തനംതിട്ടയില്‍ കോവിഡ്–19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്നു ജില്ലാഭരണകൂടത്തിന്റെ താക്കീതുമുണ്ട്.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 773 പേരാണ്. ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുള്‍പ്പെടെയാണിത്. രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ ആള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.