കൊവിഡ് 19; നിര്‍ത്തിവെച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു

0

ജോര്‍ദാന്‍: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയ ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്.

കൊവിഡ് രാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ചിത്രീകരണം വിദേശത്ത് നടന്നത്. ജോര്‍ദാനിലായിരുന്നു ചിത്രീകരണം. നായകൻ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരാണ് അവിടെ ഉള്ളത്. ജോർദാൻ ഗവൺമെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയിൽ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി.

ഇതോടെ ആന്റോ ആന്റണി എം.പിയെ സംവിധായകന്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു. ഇതോടെ ഏപ്രില്‍ 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിക്കുകയായിരുന്നു. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ചിത്രത്തിനായി മൂന്ന് മാസം അവധിയെടുത്ത് വണ്ണം കുറച്ചാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 30 കിലോയോളം കുറച്ചാണ് താരം ഇതിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച നോവലായ ‘ആടുജീവിതം’ സിനിമയാകുമ്പോൾ ചിത്രം എത്താൻ കാത്തിരിക്കുകയാണ് മലയാളികൾ.