സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വടകര സ്വദേശി മോഹനൻ (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നില വഷളായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന മൂന്നാമത്തെ മരണമാണ് കോഴിക്കോടേത്.

തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളുടെ മരണവും കൊവിഡ് ബാധിച്ചായിരുന്നു . തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീർ(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു (60) ആണ് മരിച്ചത്. കോട്ടയം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്ത തിരുവനന്തപുരത്ത് നഗരത്തിലുണ്ടായിരുന്ന ലോക്ഡൗൺ പിൻവലിച്ചു. എന്നാൽ നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ടലുകൾക്ക് രാത്രി 9 വരെയാണ് പ്രവർത്തനാനുമതി.