രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാമത്

0

തിരുവനന്തപുരം: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ഇപ്പോൾ പ്രതിദിനരോഗികൾ മൂവായിരത്തിൽ താഴെയെത്തിയിട്ടുണ്ട്.

ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ദേശീയതലത്തിൽ കേരളം നാലാമതാണ്. മഹാരാഷ്ട്ര (20,03,657), കർണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) സംസ്ഥാനങ്ങളാണ് കേരളത്തിനു മുകളിൽ. കേരളത്തിലിത് വെള്ളിയാഴ്ച 8,77,282 ആണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽപ്പേർ പരിശോധനയ്ക്ക് വിധേയരാക്കുന്നതും, സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയർന്ന ജനസാന്ദ്രതയുമെല്ലാം രോഗവ്യാപന സാധ്യത ഉയർത്തുന്നഘടകങ്ങളാണ്.

രോഗമുക്തരാവുന്നവരുടെ നിരക്ക് ഇപ്പോൾ 91.54 ശതമാനമാണ്. മരണനിരക്ക് 0.41 ശതമാനത്തിൽ നിർത്താനാകുന്നുണ്ട്. ദേശീയതലത്തിൽ മരണനിരക്ക് 1.5 ശതമാനത്തോളമാണ്. രാജ്യത്ത് വെള്ളിയാഴ്ച വരെ 1,53,221 പേർ മരിച്ചപ്പോൾ കേരളത്തിൽ 3565 പേർക്കാണ് ജീവൻ നഷ്ടമായത്. മഹാരാഷ്ട്ര (50,684), കർണാടക (12,190), തമിഴ്‌നാട് (12,307), ഡൽഹി (10,789), പശ്ചിമബംഗാൾ (10,097) സംസ്ഥാനങ്ങളിലാണ് കൂടുതൽപ്പേർ മരിച്ചത്.