സിംഗപ്പൂരിൽ നേഴ്‌സായി ജോലി ചെയ്യുന്ന എനിക്കുണ്ടായ ഒരു അനുഭവമാണ് കുറിക്കുന്നത്!

ഞാൻ വർഷങ്ങളായി ജോലി ചെയ്യുന്നത് ഐസൊലേഷൻ വാർഡിലാണ്. കോറോണക്കാലമായതിനാൽ വാർഡിലെത്തിയാൽ N95 മാസ്ക് ധരിച്ചാണ് ജോലി ചെയ്യുന്നത്. സാധാരണ ഫെയ്‌സ് മാസ്ക് ധരിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല.ക്പ ക്ഷേ എന്റെ വാർഡിൽ ജനുവരി മുതൽ നിരവധി covid 19 സംശയിക്കപ്പെട്ട രോഗികൾ വന്നുകൊണ്ടിരുന്നു.അതുകൊണ്ടു തന്നെ N95 മാസ്ക് ധരിച്ചായിരുന്നു ഓരോ ദിവസവും ജോലി ചെയ്തുപോന്നത്.മണിക്കൂറുകൾ ഇത്തരം മാസ്‌ക്കുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. പക്ഷേ ഇത്തരം രോഗികളുമായി ഇടപഴകുമ്പോൾ N95 മാസ്ക് തന്നെ ധരിക്കാതെ വേറെ വഴിയില്ല!

ഏപ്രിൽ 14 ഒഴിവുദിനം.രാവിലെ മുതൽ എനിക്ക് തലവേദനയും,തുമ്മലും അനുഭവപ്പെട്ടിരുന്നു.സൈനസ് പ്രശ്നം ഉള്ളതിനാൽ N95 മാസ്ക് തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ തലവേദന ഉണ്ടായിരുന്നു.

ഏപ്രിൽ 15 ന് രാവിലെ ജോലിക്ക് പോകണം.തലേന്ന് രാത്രി തലവേദനക്കും തുമ്മലിനും മരുന്ന് കഴിച്ചു ഉറങ്ങാൻ കിടന്നു.തുമ്മലിന് ശമനം ഉണ്ടായെങ്കിലും തലവേദനക്ക് മാറ്റമില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.രാവിലത്തെ ഡ്യൂട്ടി ആയതിനാൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമ്പോഴേ N95 മാസ്ക് ധരിക്കണം. വീണ്ടും മാസ്ക് ധരിച്ചാൽ തലവേദന കടിച്ചമർത്തി ജോലി ചെയ്യണം.രണ്ടുംകല്പിച്ചു ഇന്ന്
ഡോക്ടറെ കണ്ട് അവധിയെടുക്കാൻ തീരുമാനിച്ചു.

വീടിന്റെ തൊട്ടടുത്തുള്ള ക്ലിനിക് ലക്ഷ്യമാക്കി ഞാൻ നടന്നു.ഞാൻ ക്ലിനിക്കിനുള്ളിൽ പ്രവേശിച്ചു.നല്ല തിരക്കുള്ള ക്ലിനിക് പതിവിന് വിപരീതമായി കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുന്നു.രണ്ട് റിസപ്ഷൻ സ്റ്റാഫല്ലാതെ ഒരു രോഗിപോലും അവിടെയില്ലെന്നത് എന്നിൽ അത്ഭുതം ഉളവാക്കി.റിസപ്ഷൻ സ്റ്റാഫ് എന്റെ ഐഡന്റിറ്റി കാർഡ് ചോദിച്ചു.നേഴ്‌സണല്ലെ?അതേ ഞാൻ നേഴ്‌സാണ്.ഞാൻ മറുപടി പറഞ്ഞു

ഉടൻതന്നെ ചൈനീസ് ഭാഷയിൽ അവർതമ്മിൽ എന്തൊക്കെയോ സംസാരിച്ചു.ഉടൻ തന്നെ എന്നോട് ക്ലിനിക്കിന് പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു.നേഴ്‌സുമാരോടുള്ള അവഗണന മുൻപ് പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുള്ളതിനാൽ മറുചോദ്യങ്ങളൊന്നും ഉന്നയിക്കാതെ ഞാൻ ക്ലിനിക്കിന് പുറത്തേക്കുപോയി.

കുറച്ചുകഴിഞ്ഞപ്പോൾ ഒരു സ്റ്റാഫ് പുറത്തേക്ക് വന്നു.ആ സ്റ്റാഫിനെ കണ്ട് ഞാൻ ഞെട്ടി.നിമിഷങ്ങൾക്കിടയിൽ കൊറോണ രോഗിയെ പരിചരിക്കുന്ന മുൻകരുതലുകളോടെയുള്ള വേഷമണിഞ്ഞു ആ സ്റ്റാഫ് എന്റെ
അടുത്തുവന്നു.ദൈവമേ!ഞാൻ ഉള്ളിൽ പറഞ്ഞു.ഞാൻ പരിഭ്രാന്തിയിലായി!

നിങ്ങൾ നിങ്ങളുടെ ഫോൺ കയ്യിലെടുത്തു പിടിക്കുക.ഉടൻതന്നെ ഡോക്ടർ നിങ്ങളെ വിളിക്കും എന്നുപറഞ്ഞിട്ടു സ്റ്റാഫ് ഉള്ളിലേക്ക് പോയി.ഏറെത്താമസിയാതെ ഡോക്ടർ വിളിച്ചു.

നിങ്ങളൊരു നേഴ്‌സണല്ലെ?ഡോക്ടർ ചോദിച്ചു.അതേ ഡോക്ടർ ഞാനൊരു നേഴ്‌സാണ്.ഇനിയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തരുക എന്ന് ഡോക്ടർ പറഞ്ഞു.

ഡോക്ടർ:കോവിഡ് രോഗികളെ പരിചരിച്ചിട്ടുണ്ടോ?

ഞാൻ:ഡോക്ടർ, ഞാൻ ഐസൊലേഷൻ വാർഡിലാണ് ജോലിചെയ്യുന്നത്. അതുകൊണ്ടു തന്നെ നിരവധി കോവിഡ് സംശയമുള്ള രോഗികൾ എന്റെ വാർഡിൽ വരുന്നുണ്ട്.

ഡോക്ടർ:ഇങ്ങനെയുള്ള രോഗികളെ പരിചരിക്കുമ്പോൾ നിങ്ങൾ അതിനുള്ള മുൻകരുതലുകളെല്ലാം എടുക്കാറുണ്ടോ?

ഞാൻ:ഉണ്ട് ഡോക്ടർ എല്ലാമുൻകരുതലുകളോടും കൂടിയാണ് ജോലിചെയ്യുന്നത്.

ഡോക്ടർ:എന്ത് പറ്റി?ഇപ്പോൾ എന്താണ് നിങ്ങൾക്ക് കുഴപ്പം?

ഞാൻ:എനിക്ക് ഇന്നലെമുതൽ നല്ല തലവേദനയുണ്ട്,ഇടയ്ക്കിടെ തുമ്മലും.

ഡോക്ടർ:പനിയുണ്ടോ?
ഞാൻ:ഇല്ല.
ഡോക്ടർ:തൊണ്ടക്ക് വേദനയോ,ചൊറിച്ചിലോ മറ്റുമുണ്ടോ?

ഞാൻ:ഇല്ല
ഡോക്ടർ:വരണ്ട ചുമയുണ്ടോ?

ഞാൻ:ഇല്ല ഇതൊന്നുമില്ല എനിക്ക് തലവേദന മാത്രമേയുള്ളു.

ഡോക്ടർ:ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം തരുക.ഡോക്ടറുടെ സ്വരം കനത്തു!

ഡോക്ടർ വീണ്ടും ചോദ്യങ്ങൾ തുടർന്നു.ഞാൻ എല്ലാത്തിനും മറുപടി നൽകി.ഓക്കേ പറഞ്ഞു ഡോക്ടർ ഫോൺവെച്ചു.

ക്ലിനിക്കിലെ സ്റ്റാഫിന്റെ മുൻകരുതലുകളും,ഡോക്ടറുടെ ചോദ്യങ്ങളുമെല്ലാമായപ്പോൾ കോവിഡിന്റെ ടെസ്റ്റും ചെയ്തേ എന്നെ വിടൂ എന്നുപോലും ഞാൻ സംശയിച്ചു.ഇതിലുംഭേദം തലവേദനയും കടിച്ചമർത്തി ജോലിക്കുപോകുന്നതായിരുന്നു നല്ലതെന്ന് എനിക്കുതോന്നി.

പക്ഷേ അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്.

കുറച്ചുകഴിഞ്ഞപ്പോൾ ഐസൊലേഷൻ വാർഡിൽ ജോലിചെയ്യുന്ന ഒരു നേഴ്സിന്റെ എല്ലാ മുന്നൊരുക്കങ്ങളോടും കൂടി ഡോക്ടറും ഒരു സ്റ്റാഫും കൂടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ക്ലിനിക്കിന് മുന്നിൽ ഇട്ടിരുന്ന കസേരയിൽ ഇരിക്കുകയായിരുന്ന ഞാൻ ഡോക്ടറെ കണ്ടപ്പോൾ എണീറ്റു.നിങ്ങളായിരുന്നോ?
ഡോക്ടർ എന്നോടായി ചോദിച്ചു.

മുൻപ് പലതവണ നിങ്ങൾ സൈനസൈറ്റിസ് ആയിട്ടു ഇവിടെ വന്നത് ഞാനോർക്കുന്നു.പക്ഷേ ഇത് കൊറോണക്കാലമാണ്.തന്നെയുമല്ല നിങ്ങൾ ഒരു നേഴ്‌സാണ്.ഐസൊലേഷൻ വാർഡിലാണ് ജോലിചെയ്യുന്നത്.ദിവസേന ഇത്തരം രോഗികളുമായി ഇടപഴകുന്നയാളാണ്. ഡോക്ടർ എനിക്ക് പനിയുണ്ടോ എന്ന് പരിശോധിച്ചു.തൊണ്ടയും പരിശോധിച്ചു.പിന്നെ സ്റ്റെതെസ്കോപ്പ് വെച്ച് പരിശോധനകൾ നടത്തി.

ഡോക്ടർ ഇന്നെനിക്ക് മോർണിംഗ് ഡ്യൂട്ടിയാണ്.ഇന്നത്തേക്ക് എനിക്ക് മെഡിക്കൽ ലീവ് തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു.

താങ്കൾക്ക് പനിയില്ല.തൊണ്ടയ്ക്കും കുഴപ്പമില്ല.തൽകാലം സൈനസ് തലവേദനക്ക് ഞാൻ മരുന്ന് തരാം.മൂക്കടപ്പുള്ളതിനാൽ മൂക്കിൽ ഒഴിക്കാനും നേസൽ ഡ്രോപ്പ് കുറിക്കാം.

വീണ്ടും ഡോക്ടർ തുടർന്നു.താങ്കൾക്ക് അഞ്ചുദിവസത്തേക്ക് ഞാൻ മെഡിക്കൽ ലീവ് തരികയാണ്.മുൻപ് പലതവണയും വിഷമിച്ചു ഒരു ദിവസം തരാറുള്ള ഈ ഡോക്ടറാണ് അഞ്ചുദിവസത്തെ അവധി എനിക്ക് നൽകിയിരിക്കുന്നത്. പൂചോദിച്ചപ്പോൾ പൂക്കാലം കിട്ടി എന്ന അവസ്ഥയിലായി ഞാൻ!

വേണ്ട ഡോക്ടർ എനിക്ക് ഇന്നൊരു ദിവസം മാത്രം അവധിമതി.

അതുപറ്റില്ല നിങ്ങൾക്ക് അഞ്ചുദിവസം അവധിതന്നിരിക്കുന്നു.തന്നെയുമല്ല ഈ അഞ്ചുദിവസം വീടിന്റെ പുറത്തേക്കിറങ്ങാൻ നിങ്ങൾക്ക് അവകാശമില്ല.അഞ്ചുദിവസത്തെ മെഡിക്കൽ സർട്ടിഫിക്കറ്റിനോടൊപ്പം ഈ ദിവസങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളടങ്ങിയ ലഘുരേഖയും നൽകി.

കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്തു ഈ ദിവസങ്ങളിൽ നിങ്ങൾ വീടുവിട്ടുപുറത്തുപോകാൻ പാടില്ലെന്നും,അത് പാലിച്ചില്ലെങ്കിൽ പതിനായിരം ഡോളർ പിഴയും,ആറുമാസം തടവും ഉണ്ടാകുമെന്നുമാണ് അതിൽ പറഞ്ഞിരിക്കുന്നത്.തന്നെയുമല്ല മറ്റനവധി നിർദേശങ്ങളുമാണ് തന്നിട്ടുള്ളത്.

സൈനസ് തലവേദനയുമായി ക്ലിനിക്കിൽ ചെന്ന എനിക്ക് സ്വപ്നത്തിൽ പോലും ഓർക്കാത്ത പണികിട്ടി.അഞ്ചുദിവസം വീട്ടിൽ ചടഞ്ഞിരിക്കുന്ന കാര്യമോർത്തിട്ട് എന്റെ തലവേദന കൂടി.പക്ഷേ സിംഗപ്പൂരിലെ നിയമനങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.നമ്മൾ കാരണം മറ്റൊരാൾക്ക് അസുഖം വരരുത്!

കൊറോണക്കാലമായതിനാൽ രോഗലക്ഷണവുമായി ക്ലിനിക്കിൽ ചെന്നാൽ അഞ്ചുദിവസം മെഡിക്കൽ ലീവ് കൊടുക്കണമെന്നത് സിംഗപ്പൂർ ഗവൺമെന്റിന്റെ കർശനനിർദേശമാക്കിയത് അടുത്തിടക്കായിരുന്നു.

ഇനിയുള്ള കുറച്ചു ദിവസങ്ങൾ പുറംലോകം കാണാതെ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കുക തന്നെ!അല്ലാതെ വേറെ വഴിയില്ല.ശുഭം!