കാത്തിരിപ്പിന് വിരാമം, അതിജീവനത്തിന്റെ പാതയിലേക്ക് രാജ്യം: വാക്സിനേഷന് ഇന്ന് തുടക്കം

0

നീണ്ടനാളത്തെ ആകുലതകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പാതയിലേക്ക് രാജ്യം ഒരുങ്ങുകയാണ്… വാക്‌സിന്‍ ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം. നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്നവരുമായി ഓൺലൈനിൽ സംവദിക്കും. തുടര്‍ന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പുറത്തിറക്കും.

രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാകും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്. 1.65 കോടി കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു.


ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. 50 വയസിന് മുകളിലുള്ളവരും, 50 വയസിന് താഴെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ഗര്‍ഭിണികള്‍, അലര്‍ജി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.