തന്റെ പാദം വീണ്ടും ഇന്ത്യയിൽ പതിഞ്ഞാലേ കൊവിഡ് മഹാമാരി അവസാനിക്കുകയുള്ളു: നിത്യാനന്ദ

0

ന്യൂ ഡൽഹി: താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം അവസാനിക്കുകയുള്ളൂവെന്ന് ന്ന് രാജ്യംവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

ഭക്തന്റെ ചോദ്യത്തിന് ഉത്തരമായാണ് നിത്യാനന്ദയുടെ മറുപടി. ഇന്ത്യ എപ്പോള്‍ കൊവിഡില്‍ നിന്ന് മോചിതമാകുമെന്നതാണ് അനുയായിയുടെ ചോദ്യം. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കൊവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്നും നിത്യാനന്ദ മറുപടി നല്‍കുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നേരത്തെ രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന് ഉത്തരവിറക്കി ശ്രദ്ധ നേടിയിരുന്നു നിത്യാനന്ദ. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് നിത്യാനന്ദ. ഇന്റര്‍പോള്‍ തിരയുന്ന നിത്യാനന്ദ ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വിലക്ക് വാങ്ങി രാജ്യത്തെ അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് കഴിയുകയാണ്. ദ്വീപില്‍ കൈലാസമെന്ന പേരില്‍ രാജ്യം സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ട് നിത്യാനന്ദ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയുമുള്ള രാജ്യമാണ് കൈലാസമെന്നും നിത്യാനന്ദ പറയുന്നു. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ 2019ലാണ് രാജ്യം വിട്ടത്.