കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു

0

സിറം ഇന്സ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു. സംസ്ഥാനങ്ങൾ നൽകുന്ന വില 400 നിന്ന് 300 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന വിലയിൽ മാറ്റമില്ല. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കാവും വാക്സിൻ നൽകുക. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് വാക്സിൻ നൽകും.

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഈടാക്കുന്നതിനേക്കാൾ കൂടിയ വിലയ്ക്കാണ് ഇന്ത്യയിലെ സ്വകാര്യ, ആശുപത്രികൾക്കും സർക്കാരുകൾക്കും നൽകുക. എന്നാൽ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും താങ്ങാവുന്ന കൊവിഡ് വാക്സിൻ കൊവിഷീൽഡാണെന്നാണ് സെറം ഇൻസിറ്റ്യൂട്ട് നൽകിയ വിശദീകരണം.

‌ഒരു ഡോസ് വാക്സിനായി 2.15 മുതൽ 3.5 ഡോളറാണ് യൂറോപ്യൻ യൂണിയൻ മുടക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏകദേശം 180 മുതൽ 270 രൂപ വരും. യുകെ കോവിഷീൽഡിന്റെ ഒരു ഡോസിനായി മുടക്കുന്നത് മൂന്ന് ഡോളറാണ്. സെറം ഇൻസ്റ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്നത് 6 ഡോളറിനും സ്വകാര്യ ആശുപത്രികൾക്ക് 8 ഡോളറിനും തുല്യമായ വിളക്കാണ് .ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിലനിർണയം സംബന്ധിച്ച ആക്ഷേപം ഉയർന്നതോടെ സെറം ഇൻസ്റ്റ്യൂട്ട് വിശദീകരണവുമായി രംഗത്ത് വന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത് കുറഞ്ഞ വിലയ്ക്കാണ്. പ്രാരംഭ വിലകൾ ആഗോളതലത്തിൽ കുറക്കാൻ കാരണം വാക്സിൻ നിർമ്മാണത്തിനായി ആ രാജ്യങ്ങൾ നൽകിയ മുൻകൂർ ധനസഹായത്തിന്റെ അടിസ്ഥാനത്തിലാണന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.