കറുപ്പ് നിറമായതിനാൽ ഭർത്താവിനെ ചുട്ടുകൊന്നു

1

ലക്നൗ: കറുപ്പ് നിറമായതിനാൽ ഭർത്താവിനെ യുവതി ചുട്ടുകൊന്നു. നിറത്തിന്റെ പേരിൽ ഭർത്താവിനെ ചുട്ടുകൊന്ന പ്രേംശ്രീ എന്ന ഇരുപത്തിരണ്ടുകാരിയാണ് അറസ്റ്റിലായത്. സത്യവീർ സിംഗ് എന്ന ഇരുപത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

രണ്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്നുമുതലേ കറുപ്പുനിറത്തിന്റെ പേരിൽ ഭർത്താവിനെ പ്രേംശ്രീ വെറുത്തിരുന്നു എന്നാണ് സത്യവീറിന്റെ ബന്ധുക്കൾ പറയുന്നത്. ഭർത്താവിനൊപ്പം പുറത്തുപോകാനും അവർക്ക് മടിയായിരുന്നു. കഴിഞ്ഞദിവസം സത്യവീർ ഉറങ്ങിക്കിടക്കവെ നേരത്തേകരുതിയിരുന്ന പെട്രോൾ അദ്ദേഹത്തിന്റെ മേലൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സത്യവീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീ പടർന്ന് പ്രേംശ്രീയുടെ കാലുകൾക്ക് പൊള്ളലേറ്റു. ദമ്പതികൾക്ക് അഞ്ചുമാസം പ്രായമുള്ള മകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായും കറുപ്പുനിറമാണോ കൊലപാതകത്തിന് കാരണമായതെന്ന് ഇപ്പോൾ പറയാനാവില്ലെന്നുമാണ് പൊലീസ് പറയുന്നത്.