ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

0

കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ ഒളിവിൽ. അദ്ദേഹത്തെ പിടികൂടുന്നതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പൂക്കോയ തങ്ങളുടെ മകൻ ഹിഷാമിനെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളും വഞ്ചന കേസിൽ പ്രതിയാണ്. ഹിഷാം ദുബായിലേക്ക് കടന്നെന്നാണ് സൂചന. പൂക്കോയ തങ്ങൾ ഒളിവിലെന്ന് പ്രത്യേക അന്വേഷണ സ്ഥലം പറയുന്നു.

ശനിയാഴ്ച പ്രത്യേക അന്വേഷണസംഘം പൂക്കോയതങ്ങളെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം ഒളിവിൽപോവുകയായിരുന്നു. എം.സി. ഖമറുദ്ദീൻ എം.എൽ.എ.യെ രണ്ടുദിവസത്തേക്ക്‌ കസ്റ്റഡിയിൽ ആവശ്യപ്പെട്ട്‌ പ്രത്യേക അന്വേഷണസംഘം ഹർജി സമർപ്പിച്ചു. അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കമറുദ്ദീൻ എംഎൽഎയുടെ ജാമ്യഹർജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും.

ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവർത്തകനെന്ന നിലയിൽ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

സമസ്ത ഇ.കെ. വിഭാഗത്തിന്റെ നേതാവുകൂടിയായിരുന്ന ടി.കെ. പൂക്കോയ തങ്ങൾ ഒൻപതുമാസമായി സമസ്തയുടെയും പോഷകസംഘടനകളുടെയും ഭാഗമല്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളുടെ വിശദീകരണം. ഇദ്ദേഹത്തെ ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന ആദ്യഘട്ടത്തിൽത്തന്നെ സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.