പാവപ്പെട്ടവന്റെ ഫ്യൂസൂരാൻ കേന്ദ്രം: വൈദ്യുതിനിരക്ക് കുത്തനെ ഉയർന്നേക്കും

കൊച്ചി: ഇനി പാവപ്പെട്ടവന്റെ ഫ്യൂസ് ഊരും, കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി നിയമഭേദഗതി നടപ്പായാൽ വൈദ്യുതിനിരക്ക് കുത്തനെ ഉയരാൻ സാധ്യത. സംസ്ഥാനങ്ങൾ ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്ന ക്രോസ് സബ്‌സിഡി നിർത്തലാക്കുന്നതോടെ വാണിജ്യ ആവശ്യത്തിനും ഗാർഹിക ആവശ്യത്തിനും ഒരേനിരക്ക് നൽകേണ്ട സ്ഥിതി വരും. രാജ്യത്തെ വൈദ്യുതിമേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണമാണ് ബില്ലിൽ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് കരുതിയിരുന്നതെങ്കിലും കാബിനറ്റിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.

ഉത്പാദനമേഖലയ്ക്ക് സമാനമായി വൈദ്യുതിവിതരണത്തിലേക്കു കൂടി സ്വകാര്യകമ്പനികളെ കൊണ്ടുവരുന്നതിനാണ് ‘വൈദ്യുതി നിയമം 2003’-ൽ ഭേദഗതി വരുത്തുന്നത്. 2014-ലും 2018-ലും കൊണ്ടുവന്ന ഭേദഗതിബിൽ പാർലമെന്റിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് ചില മാറ്റങ്ങളോടെ വീണ്ടും സഭയിലേക്കെത്തിക്കുന്നത്. നിയമഭേദഗതി പാസാകുന്നതോടെ എല്ലാ സംസ്ഥാനത്തിലേക്കും സ്വകാര്യ കമ്പനികൾക്ക് വിതരണരംഗത്തേക്ക് എത്താനാകും.