ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം; കേരളമാകെ 144 ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

0

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ 144 പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നടപടി. ഒക്ടടോബര്‍ മൂന്നുമുതലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്

വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം. സിആര്‍പിസി 144 നടപ്പിലാക്കുന്നതോടെ കേരളം പൂര്‍ണമായും അടച്ചിടുന്ന പ്രതീതി തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കണ്ടെയ്‍മെന്‍റ് സോണുകളിലും തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിലും കര്‍ശന നിയന്ത്രങ്ങള്‍ തുടരണം. ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം.

കോവിഡ് രോഗത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തെതന്നെ ഏറ്റവും മോശം സംസ്ഥാനമെന്ന നിലയിലേക്ക് മാറുകയാണ്. പ്രതിദിന സജീവ രോഗികളുടെ കാര്യത്തില്‍ കേരളമാണ് ഒന്നാമത്. കേരളത്തില്‍ 5271 സജീവ രോഗികളുടെ വര്‍ധനവാണ് ഉള്ളത്. ആകെയുള്ള സജീവ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്കും കര്‍ണാടകയക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

1,31,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 30,258 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 85,376 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 52,73,201 ആയി. 83.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.