അവിടെയങ്ങിനെ…ഇവിടെയിങ്ങനെ….

0

അന്തരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ഉണ്ടാകുന്ന വിലയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്തും എണ്ണ വില നിശ്ചയിക്കുന്നതെന്നാണ് ഭരണാധികാരികളും എണ്ണ കമ്പനികളും എപ്പൊഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. അവിടെ ബാരലിന് ഒരു ഡോളർ ഉയരുമ്പോൾ ഇവിടെ മത്സരിക്കാൻ തയ്യാറായി ലിറ്ററിന് ഒരു രൂപയെങ്കിലും വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾ മടി കാണിക്കാറില്ല. അതിനെ പിന്തുണച്ച് കൊണ്ട് ഭരണ നേതൃത്വവും മുന്നിലുണ്ടാകാറുണ്ട്.

എന്നാൽ ഒരു മാസമായി അന്തരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില അനുദിനം കുറഞ്ഞു കൊണ്ടിരിക്കയാണ്. ഇവിടുത്തെ ഭരണാധികാരികളോ എണ്ണ കമ്പനികളോ ഇതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല. പുര കത്തുമ്പോഴും അവർ വാഴ വെട്ട് തുടരുകയാണ്. നിസ്സഹായത എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടായിരിക്കാം ഇതിനെതിരെ ജനരോഷം പരസ്യമായി ഉയരുന്നില്ല. പൊതുജനം എല്ലാം സഹിക്കുകയാണ്.

പൊതു ജനത്തിൻ്റെ ഈ സഹന ശക്തി മുതലെടുത്തു കൊണ്ട് ജന വിരുദ്ധ സമീപനങ്ങൾ തുടരുന്നതിൽ നിന്നും ഭരണാധികാരികളും എണ്ണ കമ്പനികളും അടിയന്തിരമായി പിൻവാങ്ങേണ്ടതുണ്ട്. വില വർദ്ധിക്കുമ്പോൾ അതിൻ്റെ ഭാരം ചുമക്കേണ്ടി വരുന്ന പൊതുജനത്തിന് വില കുറയുമ്പോൾ അതിൻ്റെ ഗുണം അനുഭവിക്കാനുള്ള അവകാശവും അർഹതയുമുണ്ടെന്ന് എണ്ണ കമ്പനികളെയും അതിൻ്റെ കുഴലൂത്തുകാരായ ഭരണാധികാരികളും ഓർക്കുന്നത് നല്ലതായിരിക്കും. ഇനിയും ക്ഷമ പരീക്ഷിക്കരുത്.