നൃത്യാലായ എസ്തെറ്റിക്സ് സൊസൈറ്റിയുടെ (ഭാസ്കേഴ്സ് ആര്‍ട്സ് അക്കാദമി) അമരക്കാരിയും ആര്ടിസ്ടിക് ഡയറക്ടറും സിംഗപ്പൂര്‍ കൾച്ചറൽ മെഡലിയനും ആയിരുന്ന ശാന്താ ഭാസ്കര്‍ ഇന്നലെ രാത്രി അന്തരിച്ചു . 83 വയസ്സായിരുന്നു.
സ്റ്റാംഫോർഡ് ആർട്‌സ് സെന്ററിൽ ഇന്നലെ (ഫെബ്രുവരി 26-ന് ) ഭാസ്‌കേഴ്സ് ആർട്‌സ് അക്കാഡമിയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന സംഗീത സപ്തതിയുടെ രണ്ടാമത്തെ ഷോ തുടങ്ങുമ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ടാന്‍ ടോക്ക് സെങ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാത്രി 8.15 യോടെ ലോകമെന്ന വേദിയോട് ഈ അതുല്യ കലാകാരി വിട പറയുകയായിരുന്നു.
നർത്തകനും-കൊറിയോഗ്രാഫറായ കെ.പി. ഭാസ്‌കറിനെ വിവാഹം കഴിച്ചതോടെയാണ് ശാന്താ ഭാസ്‌കർ 16-ാം വയസ്സിൽ സിംഗപ്പൂരിലെത്തുന്നത്. 1952-ല്‍ ഡോ. കെ പി ഭാസ്കര്‍ സ്ഥാപിച്ച ഭാസ്കര്‍സ് ആര്‍ട്സ് അക്കാദമി പിന്നീട് ഇവര്‍ ഒരുമിച്ച് നടത്തി.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തില്‍ പരിശീലനം നേടിയിരുന്ന ശ്രീമതി ഭാസ്കർ മറ്റ് നൃത്തരൂപങ്ങളിലും അതീവ തല്പരയായിരുന്നു. ചൈനീസ്, മലായ് നൃത്തങ്ങളും ബാലെ പോലുള്ള മറ്റ് നൃത്ത ശൈലികളും ശാന്താ ഭാസ്കറിനെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്;സിംഗപ്പൂരില്‍ എത്താനും ഇവിടെ നൃത്തം പഠിപ്പിക്കാനും, സേവനം ചെയ്യാനും ദൈവം തന്നെ തെരെഞ്ഞെടുത്തതാണെന്നു ശ്രീമതി ഭാസ്കര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഒട്ടേറെ ഡാന്‍സ് ഡ്രാമകളും, നൃത്താവിഷ്കാരങ്ങളും ശാന്താ ഭാസ്‌കർ സിംഗപ്പൂരിലും മറ്റു രാജ്യങ്ങളും കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. 1968-ൽ സിംഗപ്പൂരിലെ മള്‍ടി റേഷ്യല്‍ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതിനായി സിംഗപ്പൂർ പോസ്റ്റ് ഓഫീസ് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പരമ്പരയിലെ ഇന്ത്യൻ നർത്തകിയായിരുന്നു ശ്രീമതി ഭാസ്കര്‍. .
1990-ല്‍ സിംഗപ്പൂര്‍ ഗവണ്മെന്‍റിന്‍റെ കൾച്ചറൽ മെഡലിയന് അര്‍ഹമായിട്ടുണ്ട്. 2016-ല്‍ പബ്ലിക് സര്‍വീസ് സ്റ്റാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2020-ല്‍ പ്രവാസി എക്സ്പ്രസ് ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
മോഹന്‍ ഭാസ്കര്‍, റാം ഭാസ്കര്‍, മീനാക്ഷി ഭാസ്കര്‍ എന്നിവരാണ് മക്കള്‍