ആയുധങ്ങള്‍ പിടിച്ചെടുത്തു; ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

0

കൊളംബോ: ആയുധങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കലാപ സാധ്യത നിലനില്‍ക്കുന്ന കുലിയാപിറ്റിയ, ഹെറ്റിപ്പോള, ബിന്‍ഗിരിയ, ദുമ്മലസൂര്യ എന്നിവിടങ്ങളിലാണ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നേരത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും പ്രഖ്യാപിച്ചത്.

വെല്ലാവായയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ പിടിച്ചെടുത്തത്. ശ്രീലങ്കൻ പൊലീസും സൈന്യവും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇവ കുഴിച്ചിട്ട നിലയിലായിരുന്നു. ഹെറ്റിപോളയിൽ ഇപ്പോഴും സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.

കലാപ സാദ്ധ്യത കണക്കിലെടുത്ത് ശ്രീലങ്കയിൽ സമൂഹ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിനും വാട്സാപ്പിനും നിരോധനമുണ്ട്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് ശേഷം കലാപ കലുഷിതമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

കഴിഞ്ഞ ദിവസം ചിലാവില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുസ്ളീം വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളാണ് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.ഇവിടങ്ങളിൽ മതവിഭാഗങ്ങള്‍ തമ്മില്‍ വ്യാപകമായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈസ്റ്റർ ദിനമായ ഏപ്രിൽ 21ന് ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളികളിൽ ഉടനീളം നടന്ന ബോംബാക്രമണങ്ങളിൽ മുന്നൂറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.