ഇവിടെ ഇപ്പൊഴും ഇങ്ങനെയാണ്

0

കർണ്ണാടകയിലെ കൊപ്പാളിൽ ദളിത് വിഭാഗത്തിൽ പെട്ട രണ്ട് വയസ്സുകാരൻ ക്ഷേത്രത്തിൽ കയറിയതിന് 23000 രൂപയാണത്രേ പിഴ ചുമത്തിയിട്ടുള്ളത്. മിയപുര ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ രക്ഷിതാക്കൾക്കൊപ്പം പ്രാർത്ഥിക്കാനെത്തിയ കുട്ടി ക്ഷേത്രത്തിനകത്ത് കയറി പ്രാർത്ഥിക്കുകയായിരുന്നു. മാതാപിതാക്കൾ ക്ഷേത്രത്തിന് പുറത്തായിരുന്നു പ്രാർത്ഥന നടത്തിയിരുന്നത്. കുട്ടിയുടെ പ്രാർത്ഥന കാരണം ക്ഷേത്രം അശുദ്ധമായെന്നും ശുദ്ധികലശം ആവശ്യമാണെന്നും കാരണം പറഞ്ഞാണ് 23000 രൂപ പിഴയായി ആവശ്യപ്പെട്ടത്. സംഭവം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പോലീസ് പ്രശ്നത്തിൽ ഇടപെടുകയാണുണ്ടായത്.

തുടർന്ന് പിഴ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് ക്ഷേത്ര ഭാരവാഹികൾ തീരുമാനം പിൻവലിച്ചു. ബഹിരാകാശത്തേക്ക് പോലും വിനോദയാത്രയ്ക്ക് പോകുന്ന ആധുനിക കാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ലജ്ജിക്കേണ്ടിയിരിക്കുന്നു. ഇതേ കർണാടകയിൽ നിന്നുള്ള മറ്റൊരു വാർത്തയും അറിയാതെ പോകരുത്. ഹാസൻ ജില്ലയിലെ ചന്നരായ പട്ടണയിലെ ഒരു ഹോട്ടലിൽ ദളിതർക്ക് പ്രവേശനം നിഷേധിച്ചതാണ് ആ വാർത്ത.

ഹോട്ടലിനുള്ളിൽ കയറാൻ ദളിതരെ അനുവദിക്കാതെ ഈ ഹോട്ടലിന് പുറത്താണ് ദളിതർക്ക് ഭക്ഷണം നൽകിയിരുന്നത്. ഒടുവിൽ ദളിതരുടെ പരാതിയെ തുടർന്ന് ഹോട്ടൽ അടച്ചിടാൻ ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിട്ടുണ്ട്. നാഴികയ്ക്ക് നാൽപ്പത് വട്ടം മേരാ ഭാരത് മഹാൻ എന്ന് പറയുന്നവരുടെ കണ്ണുകളും കാതുകളും ഇതൊന്നും കാണുകയും കേൾക്കുകയും ചെയ്യുന്നില്ലെന്നറിയുമ്പോൾ വിചിത്രം എന്നല്ലാതെ എന്ത് പറയാൻ കഴിയും. സമത്വം പുസ്തകങ്ങളിലും പ്രസംഗങ്ങളിലും സ്വപ്നങ്ങളിലും തന്നെ അവശേഷിക്കുന്നു എന്നതാണ് വർത്തമാന യാഥാർത്ഥ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.