ഇന്ത്യൻ സിനിമാ ലോകത്ത് ഒരു താരത്തിന്റെയും സൂപ്പർ താരപരിവേഷം രജനീകാന്തിനോളം ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ല, ഇനിയൊട്ട് ആഘോഷിക്കപ്പെടാനും സാധ്യതയില്ല. ആ റെക്കോർഡ് രജനിക്ക് മാത്രം സ്വന്തം. ‘ദർബാറി’ലൂടെ വീണ്ടും കൊണ്ടാടുന്നതും ആഘോഷിക്കുന്നതും അത് തന്നെയാണ്.

ദളപതി പോലെയുള്ള സിനിമകൾ സംഭവിച്ചാൽ മാത്രമേ അദ്ദേഹത്തിലെ മികച്ച നടനെ നമുക്ക് കാണാൻ സാധിക്കൂ എന്നിരിക്കെ തന്നെ ‘കബാലി’യിലൂടെയും ‘കാല’ യിലൂടെയിലും രജനീകാന്ത് എന്ന താരത്തെ കടുത്ത അമാനുഷികതയിൽ നിന്നും മോചിതനാക്കി ഏറെക്കുറെ മണ്ണിൽ കാലു ചവിട്ടി നിൽക്കുന്ന കഥാപാത്രമാക്കി മാറ്റാൻ പാ രഞ്ജിത്തിന് സാധിച്ചിരുന്നു.

എന്നാൽ അതേ രജനിയെ മേക്കിങ് മികവ് കൊണ്ട് സ്റ്റൈലും മാസ്സും ചേർത്ത് സ്ക്രീനിൽ നിറഞ്ഞാടാൻ തരത്തിൽ വീണ്ടും തുറന്നു വിടുകയാണ് ‘പേട്ട’യിലൂടെ കാർത്തിക് സുബ്ബരാജ് ചെയ്തത്. ഇതിന്റെ തുടർച്ച എന്നോണം അതുക്കും മേലെ ഒരു പടം എന്ന നിലക്ക് കൂടുതൽ ഹീറോയിസത്തിലേക്ക് രജനിയെ കൊണ്ട് ചെന്നെത്തിക്കാനുള്ള ശ്രമമായിരുന്നു മുരുഗദോസിന്റെ ‘ദർബാർ’. പക്ഷെ തലൈവർ ഷോ എന്ന നിലക്ക് മാത്രം തൃപ്‍തിപ്പെടുത്തുന്ന സിനിമയായി ഒതുങ്ങുന്നുണ്ട് ദർബാർ.

നയൻ താരയുടെയും യോഗി ബാബുവിന്റെയും അടക്കമുള്ള കഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ലാതെ പോയപ്പോൾ നിവേദിതയുടെ മകൾ വേഷം ഇമോഷണൽ സീനുകളിൽ മികച്ചു നിന്നു. 👌

ആട്ടവും പാട്ടും ആക്ഷനും കൊണ്ട് സ്‌ക്രീൻ നിറഞ്ഞാടുമ്പോഴും തലൈവർ സെന്റിമെൻസിലൂടെയും മനസ്സ് തൊടുന്നുണ്ട്. 💚

ലുക്ക് കൊണ്ട് സൂപ്പർ വില്ലൻ വേഷമെന്നു തോന്നിച്ച സുനിൽ ഷെട്ടിയെ സംബന്ധിച്ചും കാര്യമായൊന്നും ചെയ്യേണ്ടി വരുന്നില്ല സിനിമയിൽ.

‘പേട്ട’യിലെ BGM ഉം പാട്ടുകളും വച്ചു നോക്കുമ്പോൾ അത്രത്തോളം ആസ്വാദനം തരാൻ സാധിച്ചിട്ടില്ലെങ്കിലും ‘ദർബാറി’ലെ തലൈവർ ഷോ ഇഷ്ടപ്പെട്ടതിനു പിന്നിലും അനിരുദ്ധിന്റെ സംഗീതമുണ്ട് എന്ന് പറയാം.

കഥയും ലോജിക്കും നോക്കാതെ തലൈവർക്ക് വേണ്ടി മാത്രം കാണാവുന്ന പടം എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്നു സിനിമ. പക്കാ തലൈവർ ഷോ. 😍😍

©️bhadran praveen sekhar