സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കല്‍ പദ്ധതി; ആദ്യ മൃതദേഹം ദമ്മാമില്‍ നിന്നും നാട്ടിലെത്തിച്ചു

0

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ ദമ്മാമില്‍ നിന്നും ആദ്യമായി മൃതദേഹം നാട്ടലെത്തിച്ചു. നോര്‍ക്കയുടെയും പ്രവാസി ക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെ വീട്ടില്‍ എത്തിച്ചത്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ലെസ്ലി എരമംഗലത്തിന്റെ മൃതദേഹമാണ് സര്‍ക്കാര്‍ ചിലവില്‍ ഇന്ന് നാട്ടിലെത്തിയത്. ഹൃദയാഘാതം മുലം മരണപ്പെട്ട ലെസ്ലിയുടെ മൃതദേഹം സ്‌പോണ്‍സര്‍ കയ്യൊഴിഞ്ഞതോടെയാണ് സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷിച്ചത്. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം നടപടി സ്വീകരിച്ച് മൃതദേഹം വീട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ദമ്മാമിലെ പ്രവാസി ക്ഷേമ ബോര്‍ഡ് അംഗം പറഞ്ഞു.

ലെസ്ലിയുടെ മൃതദേഹം ദിവസങ്ങളായി നാട്ടില്‍ കൊണ്ട് പോകാന്‍ കഴിയാതെ അനിശ്ചിതത്വത്തില്‍ ആയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ചത്. ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകരുടെയും നവോദയ സാംസ്‌കാരിക വേദിയുടെയും നേതൃത്വത്തില്‍ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള തുക സ്വരൂപിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.